കണ്ണൂർ: തളിപ്പറമ്പ് -ഇരിക്കൂർ മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന വളക്കൈ-കൊയ്യം റോഡിനോട് അധികൃതർ കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരെ നാട്ടുകാരുടെ കൂട്ടായ്മ രംഗത്ത്. 30 വർഷത്തോളമായി ജനപ്രതിനിധികളടക്കം ഈ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കാത്തതിൽ പ്രതിഷേധിച്ച് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുകയാണ് ഓഫ് റോഡ് കൂട്ടായ്‌മ.
മലയോര മേഖലയിലുള്ളവർക്ക് ഏറ്റവും എളുപ്പത്തിൽ കണ്ണൂർ എയർപോർട്ടിലേക്ക് പോകാനും വരാനും പറ്റുന്ന റോഡാണിത്. എന്നിട്ടും എയർപോർട്ട് റോഡുമായി ബന്ധിപ്പിക്കാനോ വീതി കൂട്ടി ടാർ ചെയ്യാനുള്ള നടപടികൾ സ്വീകരിക്കാനോ ഇതുവരെ അധികൃതർ തയ്യാറായിട്ടില്ല. വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡിലൂടെ രണ്ട് വാഹനങ്ങൾക്ക് തന്നെ കഷ്ടിച്ച് കടന്നു പോകാനുള്ള വീതി മാത്രമേ നിലവിലുള്ളൂ. അധികൃതരുടെ കണ്ണു തുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം നാട്ടുകാരുടെ ഓഫ് റോഡ് കൂട്ടായ്‌മയുടെ ഭാഗമായി കാള വണ്ടി സമരമടക്കം നടത്തിയിരുന്നു. ഇത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടതോടെ തുടർന്നുള്ള കാര്യങ്ങൾ ജെയിംസ് മാത്യു എം.എൽ.എയെ ഏൽപ്പിച്ചതായാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ കാര്യമായ പുരോഗമനമൊന്നും ഉണ്ടായിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് കക്ഷി രാഷ്‌ട്രീയ ഭേദമന്യേ ഓഫ് റോഡ് കൂട്ടായ്‌മ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നത്.
തളിപ്പറമ്പ്-ഇരിക്കൂർ മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തി മത്സരിപ്പിക്കാനാണ് കൂട്ടായ്‌മ തീരുമാനിച്ചിരിക്കുന്നത്. വികസനത്തിനെതിരെ നിൽക്കുന്നവർക്ക് ജനാധിപത്യപരമായി മറുപടി നൽകാനാണ് ഇതിലൂടെ ജനങ്ങൾ തീരുമാനിച്ചിരിക്കുന്നത്.