കണ്ണൂർ: എല്ലാ കാലത്തും പുതിയ കാര്യങ്ങൾ കണ്ടെത്തുന്നതിൽ താത്‌പര്യം കാണിക്കുന്നവരാണ് കുട്ടികൾ. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാതലത്തിൽ ഓട്ടോമാറ്റിക്ക് ഹാൻഡ് സാനിറ്റൈസർ മെഷീനുകൾ നിർമിച്ചിരിക്കുകയാണ് തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കണ്ടറി എൻഎസ്എസ് വോളണ്ടിയർമാർ.
ഇംപ്രൂവ്മെന്‍റ് പരീക്ഷക്ക് എത്തുന്ന രണ്ടാം വർഷ ഹയർ സെക്കണ്ടറി വിദ്യാർഥികൾക്ക് വേണ്ടിയാണ് ഓട്ടോമാറ്റിക്ക് ഹാൻഡ് സാനിറ്റൈസർ മെഷീനുകൾ നിർമിച്ച് നൽകിയിരിക്കുന്നത്. പരീക്ഷക്കായി സ്‌കൂളിലേക്കെത്തുന്ന വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് എൻ. എസ്.എസ്. ഒന്നാം വർഷ വോളണ്ടിയർമാർ ഓട്ടോമാറ്റിക്ക് ഹാൻഡ് സാനിറ്റൈസർ മെഷീൻ നിർമ്മിച്ചത്. സെൻസർ ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ സ്‌പർശിക്കേണ്ട എന്നതാണ് ഈ യന്ത്രത്തിന്‍റെ പ്രത്യേകത. സെൻസർ, ബാറ്ററി, പൈപ്പ് എന്നിവ ഉപയോഗിച്ച് 300 രൂപ ചെലവിലായിരുന്നു ഇതിന്‍റെ നിർമാണം. എല്ലാ കുട്ടികൾക്കും ഉപയോഗിക്കണമെന്നതിനാൽ സാനിറ്റൈസർ കൂടുതൽ ഉൾക്കൊള്ളുന്ന വലിയ ബോട്ടിലാണ് നിർമാണത്തിനുവേണ്ടി ഉപയോഗിച്ചിരിക്കുന്നത്.
ഒന്നാം വർഷ വോളണ്ടിയർമാരായ പി.വി അമൽരാജ്, എം.അഭയ്, അഥർവ് ഷാജി എന്നിവർ ചേർന്നാണ് സാനിറ്റൈസര്‍ മെഷീന്‍ നിർമിച്ചത്. മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പല്‍ പി.ഗീത സാനിറ്റൈസർ മെഷീനുകൾ ഏറ്റുവാങ്ങി.