കണ്ണൂർ: സാഹിത്യ രംഗത്തുള്ള ഒരാളും വലതുപക്ഷക്കാരനാകാൻ സാധ്യതയില്ലെന്ന് എം.വി. ഗോവിന്ദൻ. കൂലിക്ക് സാഹിത്യം എഴുതുന്നവർ കൂലിപ്പണിക്കാരാണ്, സാഹിത്യകാരനല്ലെന്നും തളിപ്പറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥികൂടിയായ ഗോവിന്ദൻ പറഞ്ഞു. അങ്ങനെ കൂലിപ്പണിക്കാരനല്ലാത്ത സർഗശേഷിയുള്ള എല്ലാവരും ഇടതുപക്ഷക്കാരാണെന്നും അദ്ദേഹം കൂട്ടിചേർത്തു. അരങ്ങിലെ കലാകാരൻമാരുടെ ട്രേഡ് യൂണിയൻ സംഘടന കേരള സ്റ്റേജ് വർക്കേഴ്‌സ് യൂണിയന്‍റെ കലാജാഥയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുക എന്നത് ഏതൊരു എഴുത്തുകാരന്‍റെയും സാമൂഹ്യ പരിഷ്‌കർത്താവിന്‍റെയും പ്രധാനപ്പെട്ട ചുമതലയാണ്. അത് കൃത്യമായി നിറവേറ്റിയാൽ ഇന്നത്തെ സാമൂഹ്യ പശ്ചാത്തലത്തിൽ ഒരു ഇടതുപക്ഷ ഗവൺമെന്‍റ് വേണം എന്ന നിലപാട് മാത്രമേ എടുക്കാൻ പറ്റൂ.
ടി.പി. വേണുഗോപാൽ രചനയും കമറുദ്ധീൻ കീച്ചേരി സംഗീത സംവിധാനവും നിർവഹിച്ച സംഗീത ആൽബത്തിൻ്റെയും എം.വി. ഗോവിന്ദൻ ബക്കളം എകെജി ഹാളിൽ ഉദ്ഘാടനം ചെയ്‌തു. കലാകാരൻമാരുടെ തിരിച്ചറിയൽ കാർഡ് വിതരണവും രാജേഷ് വടക്കാഞ്ചേരി രചനയും സംവിധാനവും നിർവഹിച്ച ഷോർട്ട് ഫിലിമുകളുടെ പ്രകാശനവും കെ.പി സഹദേവൻ നിർവഹിച്ചു.