കണ്ണൂര്‍: ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തിയുടെ ശരീരസ്രവം മൂന്നാം ഘട്ട പരിശോധനയ്‌ക്ക് ഇന്ന് അയക്കും. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് പരിശോധന. മുമ്പ് രണ്ടു തവണ നടത്തിയ പരിശോധന ഫലവും നെഗറ്റീവായിരുന്നു. മൂന്നാം ഘട്ട പരിശോധന ഫലവും നെഗറ്റീവായാല്‍ മാത്രമേ ഇദ്ദേഹം പൂർണമായും രോഗമുക്തനായെന്ന് കണക്കാക്കുകയുള്ളു.
ഇയാളുമായി സമ്പർക്കം പുലർത്തിയ മൂന്ന് പേരുടെ ഫലവും നെഗറ്റീവായിരുന്നു. ഇയാളുടെ ഭാര്യ, അമ്മ , പരിശോധന നടത്തിയ സ്വകാര്യ ക്ലിനിക്കിലെ ഡോക്‌ടർ എന്നിവരുടെ ഫലമാണ് നെഗറ്റീവായത്. ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള മകന്‍റെ പരിശോധന ഫലം ഇന്ന് വരും. ഇതടക്കം 17 പരിശോധന ഫലങ്ങളാണ് ജില്ലയിൽ വരാനുള്ളത്. കണ്ണൂർ മെഡിക്കൽ കോളജിൽ 27, ജില്ലാശുപത്രിയിൽ 15, തലശ്ശേരി ജനറൽ ആശുപത്രിയില്‍ 2 പേരുമടക്കം 44 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. വീടുകളിൽ 327 പേരും നിലവില്‍ നിരീക്ഷണത്തിലാണ്.