കണ്ണൂര്‍: കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുകള്‍ നടത്തുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്കിന്‍റെ ഭാഗമായി കണ്ണൂരിൽ പ്രകടനവും പൊതുയോഗവും നടന്നു. സി.ഐ.ടി.യു സംസ്ഥാന കമ്മറ്റിയംഗം കെ.ടി സഹദേവൻ പൊതുയോഗം ഉദ്ഘാടനം ചെയ്‌തു. പ്രകടനം കടന്നുവരുന്ന വഴിയിൽ ഓടിയ വാഹനങ്ങൾ പ്രവർത്തകർ തടഞ്ഞു.
പണിമുടക്കിന്‍റെ ഭാഗമായി തളിപ്പറമ്പിലും പ്രകടനവും പൊതുയോഗവും നടന്നു. പൊതുയോഗം സിപിഐ ജില്ലാ കമ്മിറ്റി അംഗം ടി.കെ ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു. തൃച്ഛംബരത്ത് നിന്നും ആരംഭിച്ച പ്രകടനം മാർക്കറ്റ് വഴി തളിപ്പറമ്പ ബസ്സ്റ്റാൻഡ് പരിസരത്ത് അവസാനിച്ചു.
പണിമുടക്കിനെ തുടര്‍ന്ന് റെയിൽവെ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാരുടെ എണ്ണവും വിരളമായിരുന്നു. ഏതാനും സ്വകാര്യ വാഹനങ്ങൾ ഓടുന്നതൊഴിച്ചാൽ റോഡുകളും വിജനമാണ്. ഇരിട്ടിയിൽ പണിമുടക്ക് അനുകൂലികൾ സ്വകാര്യ വാഹനങ്ങളടക്കം തടഞ്ഞു. തളിപ്പറമ്പ് ബസ് സ്റ്റാൻഡിലും പരിസരപ്രദേശങ്ങളിലും മുഴുവനായും കടകൾ അടഞ്ഞുകിടക്കുകയാണ്. ഓട്ടോ, ടാക്സി, മോട്ടോര്‍ വാഹന തൊഴിലാളികൾ, സര്‍ക്കാര്‍ ജീവനക്കാര്‍, ബാങ്ക്, ഇന്‍ഷുറന്‍സ് ജീവനക്കാര്‍, പൊതുമേഖലാസ്ഥാപനങ്ങളിലെ ജീവനക്കാര്‍, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍ എന്നിവരും പണിമുടക്കുന്നുണ്ട്. ബി.എം.എസ് ഒഴികെയുള്ള കേന്ദ്ര തൊഴിലാളിസംഘടനകള്‍ സംയുക്തമായാണ് ദേശീയപണിമുടക്ക് നടത്തുന്നത്.