കണ്ണൂർ: കണ്ണൂരിൽ നടക്കുന്ന നാലാമത് ദേശീയ സീനിയർ വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ മൂന്ന് കേരള താരങ്ങൾ മെഡൽ ഉറപ്പിച്ചു. ഇന്നലെ നടന്ന ക്വാർട്ടർ മത്സരങ്ങളിൽ അഞ്ജു സാബു, കെ.എ. ഇന്ദ്രജ, അനശ്വര പി.എം. എന്നിവരാണ് സെമിയിൽ എത്തിയത്. അതേ സമയം കേരള താരം അൻസു മോൾ ക്വാർട്ടറിൽ പരാജയപ്പെട്ടു.
48 കി.ഗ്രാം വിഭാഗം ക്വാർട്ടർ ഫൈനലിൽ ഹരിയാനയുടെ ആരതിയെയാണ് അഞ്ജു സാബു തോൽപിച്ചത്. 75 കിലോ ഗ്രാം വിഭാഗത്തിൽ പഞ്ചാബിന്റെ മനു ബധാനെ പരാജയപ്പെടുത്തിയാണ് കെ.എ.ഇന്ദ്രജ സെമിയിൽ കടന്നത്.
ഇന്നലെ നടന്ന ഏറ്റവും ഒടുവിലത്തെ മത്സരത്തിൽ 81 കിലോഗ്രാം വിഭാഗത്തിൽ അനശ്വര പി.എം തെലങ്കാനയുടെ നാഗനിക ഗോ നല്ലയെ പരാജയപ്പെടുത്തി. 69 കി.ഗ്രാം വിഭാഗത്തിൽ കേരളത്തിന്റെ അൻസു മോൾ ബെന്നി ക്വാർട്ടർ ഫൈനലിൽ പുറത്തായി. ഡൽഹി താരം അഞ്ജലിയോടാണ് അൻസു പരാജയപ്പെട്ടത്. കേരള താരങ്ങൾക്ക് മികച്ച പിന്തുണയാണ് കാണികളിൽ നിന്നും ലഭിച്ചത്. സെമി ഫൈനൽ മത്സരങ്ങൾ ശനിയാഴ്ച നടക്കും. ഞായറാഴ്ചയാണ് ഫൈനൽ.