കണ്ണൂർ : നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇരുപതിലേറെ ബസുകൾ സർവീസ് നടത്തുന്ന ഉപറോഡും ഉണ്ടായിട്ടും പയ്യന്നൂർ എടാട്ട് ദേശീയ പാതയ്ക്ക് അടിപ്പാതയില്ല. ദേശീയപാത നിർമാണം ഊർജിതമായി മുന്നോട്ടുപോകവേ നാട്ടുകാരും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും യാത്രക്കാരുമെല്ലാം ആശങ്കയിലാണ്. എടാട്ട് അടിപ്പാതയ്‌ക്കുപകരം ഉള്ളത് ഒരു ഫൂട്ട് ഓവർ ബ്രിഡ്‌ജ് മാത്രം.
ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിനാൽ നിരവധി ആളുകൾ നിത്യേന ആശ്രയിക്കുന്ന പ്രധാന ജംഗ്‌ഷനാണ് എടാട്ട്. അടിപ്പാതയില്ലാതെ ദേശീയപാത വന്നാൽ പയ്യന്നൂർ കോളജ്, കേന്ദ്രീയ വിദ്യാലയം, കണ്ണൂർ സർവകലാശാല പ്രാദേശിക പഠന കേന്ദ്രം, പിഇഎസ്, സമീപത്തുതന്നെയുളള നിരവധി സർക്കാർ-എയ്‌ഡഡ് പ്രാഥമിക വിദ്യാലയങ്ങൾ എന്നിവയെല്ലാം വെട്ടിലാകും. അതിനാൽ അടിപ്പാത വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
അടുത്ത അടിപ്പാത ഏഴിലോട് മാത്രമാണ്. എടാട്ട് നിന്നും കുഞ്ഞിമംഗലം പഞ്ചായത്തിൻ്റെ ഹൃദയഭാഗത്തുകൂടി അമ്പലം റോഡ് വഴി കടന്നുപോകുന്ന 20 ലേറെ ബസുകൾ ഏഴിലോട് വഴി ചുറ്റി വരേണ്ട സ്ഥിതിയാകും. അടിപ്പാത ഇല്ലെങ്കിൽ എടാട്ടെ ഓട്ടോ ഡ്രൈവർമാരുടെ സ്ഥിതിയും ദുരിതപൂർണമാകും. എടാട്ട് നിന്നും പിഇഎസ് സ്‌കൂളിലേക്ക് പോകാൻ പോലും കിലോമീറ്ററുകൾ ചുറ്റേണ്ടി വരും. ഇത്തരത്തില്‍ വിദ്യാർഥികളും നാട്ടുകാരും പെരുവഴിയിലാകുമെന്നാണ് ജനങ്ങളുടെ ആശങ്ക.