കണ്ണൂർ: കാഞ്ഞങ്ങാട് കല്ലൂരാവി കൊലപാതകത്തിൽ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരെന്ന് ആരോപണം വന്നപ്പോൾ തന്നെ അത്തരം പ്രവർത്തകരെ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടുണ്ടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി. കുറ്റവാളികളാണെങ്കിൽ ഒരു കാരണവശാലും അവരെ സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് നിയോജക മണ്ഡലം മുസ് ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച കെ വി മുഹമ്മദ് കുഞ്ഞി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം ലീഗ് മറ്റു രാഷ്ട്രീയ പാർട്ടികളിൽ നിന്നും വ്യത്യസ്തമാണ്. കാഞ്ഞങ്ങാട് കല്ലൂരാവിയിൽ നടന്ന കൊലപാതകത്തെ മുസ്‌ലിം ലീഗ് അപലപിക്കാൻ തയ്യാറായതും അതുകൊണ്ടാണ്. പ്രഥമദൃഷ്ട്യാ പ്രതികളാണെന്ന് ആരോപിക്കപ്പെട്ടപ്പോൾ തന്നെ അത്തരമാളുകളെ പാർട്ടിയിൽ നിന്നും പുറത്താക്കി. അവർ കുറ്റം ചെയ്തതായി തെളിഞ്ഞാൽ അവരെ പാർട്ടി സംരക്ഷിക്കില്ല. അത് മുസ്‌ലിം ലീഗ് അസന്നിഗ്ദമായി പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല, അവരെ പുറത്താക്കുകയും ചെയ്യും. എല്ലാ കാര്യങ്ങളിലും വ്യക്തതയും സ്പഷ്ടതയുമുള്ള നിലപാടാണ് മുസ്‌ലിം ലീഗിന്‍റേതെന്നും അബ്ദുറഹ്മാന്‍ കല്ലായി പറഞ്ഞു.
തളിപ്പറമ്പിൽ നടന്ന ചടങ്ങിൽ ഈ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾക്കുള്ള സ്വീകരണവും നടന്നു. സ്വീകരണ സമ്മേളനം മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. വലിയ തിരിച്ചടിയും പാഠവും പകർന്ന തെരഞ്ഞെടുപ്പാണിതെന്ന് അദ്ദേഹം പറഞ്ഞു. അപ്പോഴും മുസ്‌ലിം ലീഗ് അഭിമാനകരമായ നേട്ടമാണ് സ്വന്തമാക്കിയത്. കണ്ണൂർ ജില്ലയിൽ എല്ലാ തലത്തിലും സീറ്റുകൾ വർധിപ്പിക്കാൻ കഴിഞ്ഞ ഏക രാഷ്ട്രീയ പാർട്ടി ലീഗാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മണ്ഡലം പ്രസിഡന്‍റ് സി പി വി അബ്ദുല്ല അധ്യക്ഷത വഹിച്ചു. അബൂട്ടി ശിവപുരം മുഖ്യപ്രഭാഷണം നടത്തി. ഇബ്രാഹിം കുട്ടി തിരുവട്ടൂർ, പി മുഹമ്മദ് ഇഖ്ബാൽ, മഹമൂദ് അള്ളാംകുളം, പി സാജിദ തുടങ്ങിയവർ സംസാരിച്ചു.