കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പേർ കുറ്റക്കാർ. സി ഒ ടി നസീർ, ബിജു പറമ്പത്ത്, ദീപക് എന്നിവരാണ് കുറ്റക്കാർ. 88-ാം പ്രതി ദീപകിന് മാരകയുധങ്ങൾ ഉപയോഗിച്ച് ഉമ്മൻ ചാണ്ടിയെ ആക്രമിക്കാൻ ശ്രമിച്ചു എന്നതിനും കാർ തകർത്തു എന്നതിനും 324-ാം വകുപ്പ് പ്രകാരം മൂന്ന് വർഷം കഠിന തടവാണ് ശിക്ഷ. 80-ാം പ്രതി സി ഒ ടി നസീർ, 99-ാം പ്രതി ബിജു പറമ്പത്ത് എന്നിവർക്ക് പൊതുമുതൽ നശിപ്പിച്ചതിനു രണ്ട് വർഷവുമാണ് തടവ്. കണ്ണൂര്‍ ജില്ല സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.
ഇരുവരും 10,000 രൂപ പിഴയും അടക്കണം. മുന്നു പ്രതികൾക്കുമെതിരെ പി ഡി പി പി നിയമ പ്രകാരവും ദീപകിന് എതിരെ ഐപിസി 324 വകുപ്പ് പ്രകാരവുമാണ് കേസെടുത്തത്. എൽ ഡി എഫ് നേതാക്കളും മുൻ എംഎൽഎമാരുമായ കെ കെ നാരായണൻ, സി കൃഷ്‌ണൻ, ഡി വൈ എഫ് ഐ നേതാക്കളായ പി കെ ശബരീഷ്, ബിജു കണ്ടക്കൈ, ഒ കെ വിനീഷ്, ഇപ്പോഴത്തെ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിനോയ് കുര്യൻ തുടങ്ങി ആകെ 114 പ്രതികൾ ആണ് കേസിൽ ഉണ്ടായിരുന്നത്. ഇതിൽ നാല് പേര്‍ മരണപ്പെട്ടു.
ഡൂഢാലോചന തെളിയിക്കാനായില്ല: മറ്റുപ്രതികൾ എല്ലാവരെയും കോടതി വെറുതെ വിട്ടു. നേതാക്കൾ ഉൾപ്പടെ 19 പേർക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയെങ്കിലും അതും പ്രോസിക്യൂഷന് തെളിയിക്കാൻ പറ്റിയില്ല. കണ്ണൂർ സബ് കോടതിയാണ് വിധി പറഞ്ഞത്. ജഡ്‌ജി രാജീവൻ വച്ചാൽ ആണ് വിധി പറഞ്ഞത്. പ്രതിവിഭാഗതിന് വേണ്ടി ബി പി ശശീന്ദ്രനും, പ്രോസക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസക്യൂട്ടർ രാജേന്ദ്ര ബാബുവും ആണ് ഹാജരായത്. അതേസമയം പൊലീസ് ഉന്നയിച്ച വധശ്രമം, ഗൂഢാലോചന എന്നീ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.
2013 ഒക്‌ടോബർ 27നാണ് കേസിന് ആസ്‌പദമായ സംഭവം. കണ്ണൂർ പൊലീസ് മൈതാനത്ത് സംസ്ഥാന പൊലീസ് അറ്റ്ലറ്റിക് മീറ്റിന്‍റെ സമാപന ചടങ്ങിനെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സംഘം ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കേസ്. കണ്ണൂർ ടൗൺ പൊലീസ് പ്രതികൾക്കെതിരെ 307-ാം വകുപ്പ് ഉൾപ്പടെ ചുമത്തിയാണ് കേസ് എടുത്തത്. ആകെ 258 പ്രോസിക്യൂഷൻ സാക്ഷികളായിരുന്നു കേസിലുളളത്.
അന്നത്തെ ടൗൺ എസ്ഐ അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ മറ്റു പ്രധാന സാക്ഷികളാണ്. ഭരണ സ്വാധീനം ഉപയോഗിച്ച് എടുത്ത കള്ളകേസ് പൊളിഞ്ഞുവെന്ന് ബിനോയ് കുര്യൻ പറഞ്ഞു.