കണ്ണൂര്‍ : പുതുക്കിയ പരിയാരം മെഡിക്കൽ കോളജ് പൊലീസ് സ്‌റ്റേഷനിലേക്ക് എത്തുന്നവരെ ഇനി സ്വാഗതം ചെയ്യുക കാക്കിയിട്ട പൊലീസുകാരല്ല, മറിച്ച് നിറക്കൂട്ടുകള്‍ ചാലിച്ചെഴുതിയ ചുവരുകളാകും. കേരള പൊലീസിന്‍റെ ഉത്ഭവം മുതൽ ആധുനിക പൊലീസുവരെയുള്ള മാറ്റങ്ങളുടെ ചിത്രീകരണമാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ കലകളും മലബാറിന്‍റെ പ്രത്യേകതകളും നിറഞ്ഞ മ്യൂറൽ പെയിന്‍റിങ്ങുകളുമാണ് ചുവരുകളില്‍. ഇതിനൊപ്പം കുട്ടികൾക്കായുള്ള കാർട്ടൂണുകളും വരച്ചുചേര്‍ത്തിട്ടുണ്ട്.
രാജഭരണ കാലത്തെ പൊലീസിനേയും ആധുനിക പൊലീസിനേയും കേരളീയ കലകളുമായി സമന്വയിപ്പിച്ച ആദ്യ ചുമർചിത്രവുമായി പുതിയ സ്‌റ്റേഷന്‍ കെട്ടിടം അവസാനവട്ട മിനുക്കുപണിയിലാണ്. പൊലീസ് സ്‌റ്റേഷനിൽ എത്തുന്നവരുടെ ഭയം ഒഴിവാക്കുകയും അവരെ മാനസികമായി ഉത്തേജിപ്പിക്കുകയുമാണ് ലക്ഷ്യം. ദമ്പതികളായ രഞ്ജിത്ത് അരിയിലും സ്നേഹ രഞ്ജിത്തുമാണ് ചിത്രങ്ങള്‍ ഒരുക്കുന്നത്.
കണ്ണൂർ ജില്ലയിലെ ഏറ്റവും വലിപ്പമേറിയതും അത്യാധുനിക സൗകര്യങ്ങൾ നിറഞ്ഞതുമായ പൊലീസ് സ്‌റ്റേഷൻ പുതുവർഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്യും.