കണ്ണൂർ: തലശ്ശേരിയില്‍ പൊലീസിന്‍റെ സദാചാര ആക്രമണത്തിന് ഇരയായ ദമ്പതിമാരില്‍ പ്രത്യുഷിന് ജാമ്യം. തലശ്ശേരി മജിസ്‌ട്രേറ്റ് കോടതിയാണ് പൊലീസിന്‍റെ ആക്രമണത്തിന് ഇരയായ പ്രത്യുഷിന് ജാമ്യം അനുവദിച്ചത്. പൊലീസിനെ ആക്രമിച്ചു, കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് തലശ്ശേരി പൊലീസ് പ്രത്യുഷിനെതിരെ കേസെടുത്തിരുന്നത്.
ഈ കേസില്‍ പ്രത്യുഷിന്‍റെ ഭാര്യ മേഘയ്‌ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കഴിഞ്ഞ ആഴ്‌ചയാണ് തലശ്ശേരിയില്‍ കടല്‍പ്പാലം കാണാന്‍ പോയ പ്രത്യുഷും ഭാര്യ മേഘയും പൊലീസിന്‍റെ സദാചാര ആക്രമണത്തിന് ഇരകളായത്. രാത്രി കടല്‍പ്പാലം കാണാന്‍ എത്തിയ ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു എന്നാണ് പരാതി.
ഇത് ചോദ്യം ചെയ്‌തതോടെ പ്രത്യുഷിനെ മര്‍ദിക്കുകയും കേസ് എടുക്കുകയും ചെയ്‌തെന്ന് ഭാര്യ മേഘ ആരോപിച്ചിരുന്നു. സംഭവത്തില്‍ കമ്മിഷണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് അന്വേഷണം നടത്തുന്ന തലശ്ശേരി എസിപി ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കുമെന്നാണ് സൂചന. സി.ഐക്കും എസ്.ഐക്കും എതിരെ ഉയര്‍ന്ന പരാതിയില്‍ എസിപിക്ക് പുറമെ, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയും അന്വേഷണം നടത്തുന്നുണ്ട്.
സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും വൂണ്ട് സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടെ പരിശോധിച്ച് റിപ്പോര്‍ട്ട് തയാറാക്കാനാണ് കമ്മിഷണര്‍ ആര്‍. ഇളങ്കോ നിര്‍ദേശിച്ചിട്ടുള്ളത്. തലശ്ശേരിയില്‍ ദമ്പതികള്‍ക്ക് നേരെ പൊലീസ് അതിക്രമം നടത്തിയ സംഭവത്തില്‍ നിര്‍ണായക മെഡിക്കല്‍ രേഖകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പൊലീസ് കേസില്‍ പ്രതിയാക്കി ജയിലില്‍ അടച്ച പ്രത്യുഷിന് ദേഹമാസകലം പരിക്കേറ്റെന്ന് തെളിയിക്കുന്ന മെഡിക്കല്‍ രേഖകളായിരുന്നു ഇത്. പ്രത്യുഷ് ആണ് തങ്ങളെ ആക്രമിച്ചതെന്ന പൊലീസ് വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഈ റിപ്പോര്‍ട്ട്.