കണ്ണൂർ: ചെലവ് കുറഞ്ഞ ജലവൈദ്യുത പദ്ധതിയായ അതിരപ്പിള്ളി പദ്ധതിക്ക് എല്ലാ അനുമതിയും ലഭിച്ചിട്ടും തുടങ്ങാൻ സമ്മതിക്കാത്തതാണ് പ്രധാന പ്രശ്‌നമെന്ന് മന്ത്രി എം.എം മണി. താപനിലയങ്ങൾ സംരക്ഷിക്കുന്നുണ്ടെങ്കിലും അവയൊന്നും ഇപ്പോൾ പ്രവർത്തിപ്പിക്കുന്നില്ല. അത് പ്രവർത്തിപ്പിച്ചാൽ ഓരോ യൂണിറ്റിനും വലിയ വിലയാകും. അത് നമുക്ക് താങ്ങാൻ കഴിയാത്തതാണ്. കൽക്കരി നിലയം കേരളത്തിൽ സാധ്യമല്ലെന്നും എം.എം മണി പറഞ്ഞു. ഊർജ്ജ മിത്ര ജോയിന്റ് അസോസിയേഷൻ പ്രഥമ സംസ്ഥാന സമ്മേളനം പറശ്ശിനിക്കടവ് വിസ്മയ പാർക്കിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സൈലന്‍റ് വാലി പദ്ധതി ആലോചിച്ചപ്പോഴും ഇല്ലാത്ത പാരിസ്ഥിതിക പ്രശ്നമുണ്ടാക്കി. അന്ന് കേന്ദ്ര സർക്കാർ പൂയംകുട്ടി പദ്ധതി തരാമെന്ന് പറഞ്ഞു. പിന്നെ അതും പ്രവർത്തനക്ഷമമല്ലാതായി. അതിരപ്പിള്ളി പദ്ധതി ആരംഭിച്ചാൽ മതിയെന്ന നില വന്നപ്പോൾ അവിടെയും സമരവും പ്രക്ഷോഭവും തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ഊർജ്ജ രംഗത്ത് പുതിയ മുന്നേറ്റം ഉണ്ടാക്കണം. ഉൽപാദിപ്പിക്കപ്പെടുന്ന ഊർജ്ജം ഫലപ്രദവും അപകടരഹിതവുമായി ഉപയോഗിക്കാനുള്ള സംവിധാനവും ഉണ്ടാക്കണമെന്നും എം.എം മണി കൂട്ടിച്ചേർത്തു.