കണ്ണൂർ: ലോക്ക് ഡൗണിനെ തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും വ്യാഴാഴ്‌ച വൈകിട്ട് 5.50ന് ലക്‌നൗവിലേക്ക് പുറപ്പെട്ട ട്രെയിനിൽ 1140 ഉത്തര്‍പ്രദേശ് സ്വദേശികളാണുള്ളത്. ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ 38 കെഎസ്ആര്‍ടിസി ബസുകളിലായാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്. 50 സീറ്റുകളുള്ള ബസില്‍ 30 പേരെയാണ് ഉൾക്കൊള്ളിച്ചിരുന്നത്. യാത്രക്കാർക്ക് സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് ട്രെയിനിലും ഇരിപ്പിടങ്ങള്‍ നല്‍കിയത്.
ക്യാമ്പുകളില്‍ മെഡിക്കല്‍ പരിശോധന നടത്തി രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഇവരെ ബസുകളില്‍ റെയില്‍വേ സ്റ്റേഷനിലെത്തിച്ചത്. 930 രൂപയാണ് ടിക്കറ്റ് നിരക്ക്. തൊഴിലാളികള്‍ക്ക് യാത്രയ്ക്കിടെ കഴിക്കാനുള്ള ഭക്ഷണം അധികൃതര്‍ നല്‍കിയിരുന്നു. വ്യാഴാഴ്‌ച പുറപ്പെട്ട ട്രെയിൻ ചൊവ്വാഴ്‌ച ഉച്ചയോടെ ലക്‌നൗ റെയില്‍വേ സ്റ്റേഷനില്‍ എത്തും. കൊവിഡ് പശ്ചാത്തലത്തിൽ തങ്ങളെ സംരക്ഷിക്കുകയും ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയ്‌ത സര്‍ക്കാരിനും നാട്ടുകാര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് തൊഴിലാളികള്‍ യാത്ര തിരിച്ചത്.
കൂടാതെ, അതിഥി തൊഴിലാളികളുമായി വെള്ളിയാഴ്‌ച മറ്റൊരു ട്രെയിന്‍ ജാര്‍ഖണ്ഡിലേക്കും പുറപ്പെടും. കഴിഞ്ഞ ഞായറാഴ്‌ച ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1140 അതിഥി തൊഴിലാളികള്‍ ബീഹാറിലേക്ക് മടങ്ങിയിരുന്നു. ബുധനാഴ്‌ച കോഴിക്കോട് നിന്നും മധ്യപ്രദേശിലേക്ക് പുറപ്പെട്ട ട്രെയിനില്‍ ജില്ലയില്‍ നിന്നുള്ള 450 തൊഴിലാളികൾ ഉണ്ടായിരുന്നു. ഇതോടെ ജില്ലയില്‍ നിന്ന് നാടുകളിലേക്ക് തിരിച്ച അതിഥി തൊഴിലാളികളുടെ എണ്ണം 2730 ആയി.