കണ്ണൂർ: കൊഴുമ്മൽ കോയിത്താർ പാടശേഖരത്തിൽ ഞാറുനടീലിനിടെ ഇത്തവണ ഞാറ്റുപാട്ട് കേൾക്കാനാവില്ല. ഞാറുനടീൽ ബംഗാളി തൊഴിലാളികൾ ഏറ്റെടുത്തതോടെ ഇനി മുതൽ ബംഗാളി പാട്ടുകളാണ് ഇവിടെ നിന്നും കേൾക്കാനാകുക. ഞാറുനടാൻ നാട്ടിലെ തൊഴിലാളികളെ കിട്ടാതായതോടെയാണ് പശ്ചിമ ബംഗാളിൽ നിന്നുള്ള തൊഴിലാളികളെ വയലിൽ പണിക്കിറക്കിയത്.
ഞാറുനടലിന് നാട്ടിൽ തൊഴിലാളികളെ ലഭിക്കാതെ വരികയും ഉള്ളവർ തന്നെ കൂലി കൂട്ടുകയും ഉച്ചവരെ മാത്രം പണിയെടുക്കുകയും ചെയ്‌തതോടെയാണ് ബംഗാളിലെ തൊഴിലാളികളെ ആശ്രയിക്കേണ്ടി വന്നത്. പരമ്പരാഗത കർഷകത്തൊഴിലാളികൾ തൊഴിലുറപ്പ് പദ്ധതിയിലേക്ക് ചുവടുമാറിയതും പ്രതിസന്ധിയായി.
രാവിലെ ആറ് മണിയോടുകൂടി പാടത്ത് എത്തുന്ന ബംഗാളി തൊഴിലാളികൾ വൈകുന്നേരം ആറോടു കൂടി മാത്രമേ പണി നിർത്തുകയുള്ളൂ. ഏക്കറിന് 6000 രൂപയാണ് ഇടനിലക്കാർ കൂലിയായി വാങ്ങുന്നത്. നാട്ടിലെ കർഷകത്തൊഴിലാളികൾ അഞ്ചോ ആറോ ദിവസം കൊണ്ട് ചെയ്‌തു തീർക്കുന്ന പണി ഇവർ ഒരു ദിവസം കൊണ്ട് തീർക്കുന്നു. ആറോ ഏഴോ ആളുകൾ ഉൾപ്പെട്ട സംഘം മണിക്കൂറുകൾ കൊണ്ട് ഏക്കർ കണക്കിന് ഞാറ് നട്ടു തീർക്കുന്നു. ഇതു മൂലം പണിക്കൂലിയിൽ ലാഭവും കൃത്യസമയത്ത് പണി തീർക്കുവാനും സാധിക്കുന്നുവെന്ന് കർഷകർ പറയുന്നു.