കണ്ണൂർ: തലശ്ശേരി നഗരത്തിലെ കടയുടമകൾ പരിപാലിച്ച് വന്ന ഔഷധമരം മുറിച്ചുമാറ്റിയ നിലയിൽ. സിവിൽ സ്റ്റേഷന് സമീപത്ത് പതിനഞ്ച് വർഷം പഴക്കമുള്ള എരിക്കിൻ മരമാണ് ഇന്ന് പുലർച്ചെ ബൈക്കിലെത്തിയ യുവാവ് മുറിച്ച് മാറ്റിയത്. ഇയാളുടെ ദൃശ്യം സമീപത്തെ ഹോട്ടലിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
കണ്ണൂർ, കൂത്ത്പറമ്പ്, മാഹി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് എരിക്കിന്‍റെ ഇലയും, പൂവും ശേഖരിക്കാൻ നിരവധി പേരാണ് ദിവസേന എത്തിയിരുന്നത്. വാതത്തിനും പ്രമേഹത്തിനുൾപ്പടെ നിരവധി രോഗങ്ങൾക്ക് പ്രതിവിധിയാണ് ഇതിന്റെ പൂവും കായും ഇലയും. സംഭവത്തിൽ കടയുടമകളും പരിസ്ഥിതി പ്രവർത്തകരും പൊലീസിലും വനം വകുപ്പിലും പരാതി നൽകി.