കണ്ണൂർ: തളിപ്പറമ്പിൽ സിപിഎമ്മിലെ വിഭാഗീയത ശക്തമായതോടെ പ്രവർത്തനം സജീവമാക്കി കോമത്ത് മുരളീധരൻ വിഭാഗം. ഇവരുടെ നേതൃത്വത്തിൽ മാന്തംകുണ്ട് റസിഡൻസ് അസോസിയേഷൻ എന്ന പേരിൽ കൂട്ടായ്‌മ പ്രവർത്തനം തുടങ്ങി. കീഴാറ്റൂർ ജി.എൽ.പി സ്‌കൂൾ പരിസരത്ത് നൂറിലധികം കോമത്ത് മുരളീധരൻ അനുകൂലികൾ യോഗം ചേർന്നാണ് മാന്തംകുണ്ട് റസിഡൻസ് അസോസിയേഷൻ രൂപീകരിച്ചത്.
സിപിഎം തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിലുണ്ടായ വിഭാഗീയതയെ തുടർന്ന് കോമത്ത് മുരളീധരൻ അനുകൂലികൾ പരസ്യ പ്രതിഷേധം നടത്തിയിരുന്നു. ഈ സംഭവത്തിൽ ലോക്കൽ നേതൃത്വം അച്ചടക്ക നടപടി തുടങ്ങിയതിന് പിറകെയാണ് മുരളീധരൻ അനുകൂലികൾ റസിഡൻസ് അസോസിയേഷൻ രൂപീകരിച്ചത്.
നോർത്ത് ലോക്കൽ നേതൃത്വം നോട്ടീസ് നൽകിയ കെ.എം വിജേഷ് ആണ് മാന്തംകുണ്ട് റസിഡൻസ് അസോസിയേഷൻ സെക്രട്ടറി. കെ.എ സലിം പ്രസിഡന്‍റും അഭയൻ ട്രഷററുമാണ്.
കോമത്ത് മുരളീധരനും പ്രവർത്തകനായ സച്ചിനും വിശദീകരണം തേടിയുള്ള നോട്ടീസ് ലഭിച്ചിട്ടുണ്ട്. കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ താൽകാലികമായി നടപടികൾ സ്വീകരിക്കേണ്ടെന്ന നിലപാടിൽ ജില്ല, ഏരിയ നേതൃത്വങ്ങൾ മുന്നോട്ട് പോകുമ്പോഴാണ് വിശദീകരണ നോട്ടീസ് നൽകി നോർത്ത് ലോക്കൽ കമ്മിറ്റി കൂടുതൽ പ്രതിസന്ധികൾ സൃഷ്‌ടിച്ചത്.
Also Read: ഇരു സംസ്ഥാനങ്ങളുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് എം.കെ സ്റ്റാലിൻ