കണ്ണൂർ : വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ മറവിൽ വ്യാജ പ്ലസ്‌ടു, ഡിഗ്രി സർട്ടിഫിക്കറ്റുകൾ നൽകി വിദ്യാർഥികളെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. കണ്ണൂർ യോഗശാല റോഡിൽ ഐ.എഫ്.ഡി. ഫാഷൻ ടെക്നോളജി എന്ന സ്ഥാപനത്തിന്‍റെ പേരിൽ പരസ്യം നൽകി വിദ്യാർഥികളെ തട്ടിപ്പിനിരയാക്കിയ കയരളം മൊട്ടയിലെ കെ.വി ശ്രീകുമാറിനെയാണ് (46) അറസ്റ്റ് ചെയ്‌തത്.
തട്ടിപ്പിനിരയായ കുടിയാന്മല നടുവിൽ സ്വദേശിയും നടുവിൽ സഹകരണ ബാങ്കിലെ ജീവനക്കാരനുമായ പി.പി അജയകുമാർ (45) കണ്ണൂർ അസിസ്റ്റന്‍റ് കമ്മിഷണർ പി.പി സദാനന്ദന് നൽകിയ പരാതിയെ തുടർന്നാണ് ഇയാള്‍ പിടിയിലായത്.
അജയകുമാര്‍, എം.ജെ ഷൈനി, പി.പി ഷാഷിദ എന്നിവര്‍ സ്ഥാപനം വഴി മധുര കാമരാജ് യൂണിവേഴ്‌സിറ്റിയുടെ വിദൂര വിദ്യാഭ്യാസ പദ്ധതി പ്രകാരം പ്ലസ്‌ടുവിന് 2015 കാലയളവിലും ഡിഗ്രിക്ക് 2015-18 കാലയളവിലുമായി 2,27,100 രൂപ ഫീസിനത്തിലും സർട്ടിഫിക്കറ്റിനുമായി നൽകിയിരുന്നതായി പരാതിയിൽ പറയുന്നു.
ALSO READ: ഇതര സംസ്ഥാനക്കാരിയായ ബാലിക ഇടുക്കിയില്‍ മരിച്ച നിലയില്‍
എന്നാൽ പഠനം കഴിഞ്ഞ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ പ്രതി ഒറിജിനൽ നൽകാതെ വ്യാജരേഖ നൽകുകയായിരുന്നു.
സംഭവത്തിൽ അസിസ്റ്റന്‍റ് പൊലീസ് കമ്മിഷണറുടെ നിർദേശപ്രകാരം ടൗൺ സ്റ്റേഷൻ ഇൻസ്പെക്‌ടർ ശ്രീജിത് കൊടേരി, എസ്.ഐ പി.വി ബാബു എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്. തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
അന്വേഷണത്തിൽ ഇത്തരത്തിൽ നിരവധി പേരെ പ്രതി കബളിപ്പിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.