കണ്ണൂര്‍: തളിപ്പറമ്പിൽ മുള്ളൻപന്നിയെ കൊന്ന് ഇറച്ചിയാക്കാൻ ശ്രമിക്കുന്നതിനിടയിൽ മധ്യവയസ്ക്കൻ വനം വകുപ്പ് സംഘത്തിന്റെ പിടിയിലായി. പരിയാരം തിരുവട്ടൂരിലെ സി.ടി.മുസ്തഫയെയാണ്(48) തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.വി.ജയപ്രകാശ് അറസ്റ്റ് ചെയ്തത്. കേബിൾ വയർ കുടുക്കി മുള്ളൻപന്നിയെ പിടിച്ചതിനുശേഷം ഇറച്ചിയാക്കാൻ ശ്രമിക്കുന്നതിനിടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഫോറസ്റ്റ് സംഘം ഇയാളെ പിടികൂടുന്നത്.
ഫോറസ്റ്റ് സംഘത്തെ കണ്ടയുടനെ മുള്ളൻപന്നിയെ വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെടാൻ ശ്രമിച്ച മുസ്തഫയെ പിന്നാലെ ഓടി പിടികൂടുകയായിരുന്നു. നാലര കിലോയോളം തൂക്കം വരുന്ന മുള്ളൻപന്നിയെയാണ് ഇയാളിൽ നിന്നും പിടികൂടിയത്. നേരത്തെയും മുസ്തഫ മുള്ളൻപന്നികളെ വേട്ടയാടിയതായി വിവരം ലഭിച്ചിരുന്നുവെന്ന് റെയിഞ്ച് ഓഫീസർ പറഞ്ഞു. സംരക്ഷിത പട്ടികയിൽപ്പെടുന്ന മുള്ളൻപന്നിയെ വേട്ടയാടുന്നതും കൊല്ലുന്നതും 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഫോറസ്റ്റർ ജയചന്ദ്രൻ കർക്കടക്കാട്ടിൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ.വി.പ്രമോദ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.