കണ്ണൂര്‍: പൊയിലൂർ മുത്തപ്പൻ മടപ്പുരയിലെ ഭണ്ഡാരങ്ങൾ കവർച്ച ചെയ്യപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങൾക്ക് മറുപടിയുമായി മലബാർ ദേവസ്വം ബോർഡ് രംഗത്ത്. കവർച്ചക്ക് പിന്നിൽ ബിജെപി, ആർഎസ്എസ് പ്രവർത്തകരുടെ ഗൂഢാലോചനയുണ്ടെന്ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് ഒ.കെ വാസു ആരോപിച്ചു.
കഴിഞ്ഞ ദിവസം നടന്ന കവർച്ചക്ക് ദേവസ്വം ബോർഡിന് പങ്കുമില്ല. അത് ആസൂത്രിതമാണെന്നും കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു. നിരവധി തവണ ഈ ക്ഷേത്രത്തിൽ കവർച്ച നടന്നിട്ടുണ്ട്. മുത്തപ്പൻ വിഗ്രഹങ്ങളും തകർക്കപ്പെട്ടിട്ടുണ്ട്. ക്ഷേത്രവും അതുമായി ബന്ധപ്പെട്ട സ്ഥലവും പല രീതിയിലായി ആർഎസ്എസ്-ബിജെപി നേതാക്കൾ കൈക്കലാക്കിയെന്നും ഒ.കെ വാസു പറഞ്ഞു.