കണ്ണൂര്‍: മാഹിക്കടുത്ത് കണ്ണൂക്കരയിൽ മറിഞ്ഞ പാചകവാതക ടാങ്കർ വിദഗ്ദരെത്തി നീക്കം ചെയ്തു. മറ്റൊരു ലോറിയിൽ ഇടിച്ച ശേഷം താഴെയുള്ള പഴയ ദേശീയപാതയിലേക്ക് തെന്നിമാറുകയായിരുന്നു. ജൂൺ 14 രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്. ലോറി അല്‍പ്പം ചരിഞ്ഞ നിലയിലാണെങ്കിലും വാതകച്ചോർച്ച ഉണ്ടായില്ല. എങ്കിലും മുൻകരുതലെന്ന നിലയിൽ ദേശീയപാത വഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടിരുന്നു.
Read Also........മാഹിയില്‍ ടാങ്കര്‍ ലോറി അപകടത്തില്‍ പെട്ടു; ആളപായമില്ല
പ്രദേശത്തെ വൈദ്യുതിബന്ധം വിച്ഛേദിക്കുകയും ചെയ്തു. തൊട്ടടത്തുള്ള താമസക്കാരെ പ്രദേശത്ത് നിന്ന് മാറ്റിയിരുന്നു. മംഗളൂരുവിൽ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്‍റെ ടാങ്കറാണ് അപകടത്തിൽപെട്ടത്. ടാങ്കറിൽ നിറയെ പാചകവാതകമുണ്ടായിരുന്നത് ആശങ്ക ഉണർത്തിയെങ്കിലും അപകടത്തിൽ ലോറി പൂർണമായും മറിയാത്തത് തുണയായി.
മുന്നിലുള്ള ലോറിയുടെ പിറകിൽ ഇടിച്ചശേഷമാണ് ടാങ്കർ താഴെയുള്ള റോഡിലേക്ക് തെന്നിപ്പോയത്. സംഭവമറിഞ്ഞയുടൻ വടകരയിൽനിന്ന് രണ്ട് യൂണിറ്റും തലശ്ശേരിയിൽ നിന്ന് ഒരു യൂണിറ്റും അഗ്നിരക്ഷാസേന സംഭവസ്ഥലത്തെത്തി. എച്ച്പിയുടെ കഞ്ചിക്കോട് പ്ലാന്‍റില്‍ നിന്ന് വിദഗ്‌ധസംഘമെത്തിയാണ് മറ്റൊരു ലോറിയിലേക്ക് പാചകവാതകം മാറ്റിയത്.
കെ.കെ.രമ എംഎൽഎ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിരുന്നു.