കണ്ണൂർ: തളിപ്പറമ്പ് ധർമ്മശാലയിൽ സമ്മാനത്തുക അടിച്ച ലോട്ടറി ടിക്കറ്റെന്ന വ്യാജേന പഴയ ലോട്ടറി ടിക്കറ്റ് നൽകി വയോധികയായ ഏജന്‍റിനെ കബളിപ്പിച്ച് പണം തട്ടിയെന്ന് പരാതി. ലോട്ടറി ഏജന്‍റായ കെ രാജാമണിയാണ് തട്ടിപ്പിന് ഇരയായത്. ലോട്ടറി ഏജന്‍റായ പാന്തോട്ടത്തെ കെ.രാജമണിയുടെ സ്റ്റാളിൽ സമ്മാനത്തുക ലഭിച്ച ടിക്കറ്റ് എന്ന് പറഞ്ഞ് വ്യാജേന ഫെബ്രുവരി 19ലെ അക്ഷയ ലോട്ടറിയുടെ ടിക്കറ്റ് കൈമാറുകയായിരുന്നു.
1000 രൂപ സമ്മാനത്തുക അടിച്ച AU- 218914 എന്ന സീരിയൽ നമ്പർ ഉള്ളതായിരുന്നു ടിക്കറ്റ്. അത് വാങ്ങി രാജമണി അയാൾ ആവശ്യപ്പെട്ടത് പ്രകാരം സമ്മാനത്തുകയായ ആയിരം രൂപയിൽ 200 രൂപക്ക് അഞ്ച് ടിക്കറ്റും ബാക്കി 800 രൂപ തുകയും നൽകി. വൈകുന്നേരം പുതിയ ടിക്കറ്റുകൾ എടുക്കാനായി തളിപ്പറമ്പ് പത്മ ലോട്ടറി ഏജൻസിയിൽ എത്തിയപ്പോഴാണ് രാജമണി കബളിപ്പിക്കപ്പെട്ട വിവരം മനസിലാകുന്നത്. ഏജൻസിയിലെ സ്കാനറിൽ ലോട്ടറി ടിക്കറ്റിന്‍റെ ബാർ കോഡ് റീഡ് ചെയ്തപ്പോഴാണ് ടിക്കറ്റ് ഫെബ്രുവരി 12ന് നറുക്കെടുത്തതാണെന്ന് വ്യക്തമായത്. തുടർന്നുള്ള പരിശോധനയിലാണ് ചുവന്ന നിറത്തിലുള്ള സ്കെച്ച് ഉപയോഗിച്ച് തീയതിയും നീല നിറത്തിലുള്ള സ്കെച്ച് ഉപയോഗിച്ച്ഡ്രോ നമ്പറും തിരുത്തിയെഴുതിയതായി തെളിഞ്ഞത്.
പിറകിൽ കണ്ണൂർ ശ്രീകാവേരി ലോട്ടറി ഏജൻസിയുടെ സീൽ ഉള്ള ലോട്ടറി ടിക്കറ്റാണ് തട്ടിപ്പുകാരൻ രാജമണിയെ കബളിപ്പിക്കാൻ ഉപയോഗിച്ചത്. അടുത്ത കാലത്തായി ലോട്ടറി ടിക്കറ്റ് ഉപയോഗിച്ച് സമാനമായ തട്ടിപ്പുകൾ നടത്തി സമ്മാനത്തുകകൾ കൈക്കലാക്കുന്നത് വ്യാപകമാവുകയാണ്. സംഭവം സംബന്ധിച്ച് രാജമണി തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി. ഇവരുടെ തൊട്ടടുത്ത സ്ഥാപനങ്ങളിലെ സിസിടിവി പരിശോധിച്ചാൽ തട്ടിപ്പുകാരനെ കണ്ടെത്താനായേക്കുമെന്ന വിശ്വാസത്തിലാണ് രാജമണി. 40-50 വയസ് തോന്നിക്കുന്നയാളാണ് കബളിപ്പിച്ചതെന്ന് രാജമണി പറഞ്ഞു.