കണ്ണൂര്‍: ഈഫല്‍ ടവറും അതിന്‍റെ കുഞ്ഞന്‍ മാതൃകകളുമെല്ലാം പരിചിതമാണെങ്കിലും ഈര്‍ക്കിലില്‍ പണിത ഈഫല്‍ ടവറാണ് കണ്ണൂര്‍ പരിയാരത്തെ താരം. പയ്യന്നൂർ സിഇടി കോളജ് അവസാന വർഷ മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർഥിയായ അക്ഷയ് ആണ് ഈ കരവിരുതിന് പിന്നില്‍. ഈർക്കിലുകൾ ഉപയോഗിച്ച് ലോക്ക് ഡൗണ്‍ കാലത്ത് അക്ഷയ് തയ്യാറാക്കിയ കരവിരുതുകൾ സമൂഹമാധ്യമങ്ങളില്‍ നിമിഷങ്ങൾക്കകമാണ് വൈറലായത്.
ലോക്ക് ഡൗൺ കാലത്ത് ലഭിച്ച ഇടവേളയിലാണ് അക്ഷയ് ഈർക്കിൽ കൊണ്ടുള്ള തന്‍റെ കരവിരുത് പ്രകടിപ്പിച്ചു തുടങ്ങിയത്. പിരമിഡ് ആകൃതിയിലുള്ള ഗോപുരമാണ് ഈർക്കിൽ കൊണ്ട് ആദ്യം തയ്യാറാക്കിയത്. പിന്നീട് ഈഫൽ ടവറും ഈർക്കിലിൽ ഒരുക്കി. ഒരു മാസത്തോളമെടുത്ത് തന്‍റെ സങ്കൽപത്തിലുള്ള വീടിന്‍റെ മാതൃകയും തയ്യാറാക്കി. ക്ഷേത്ര രൂപവും ഈർക്കിൽ കൊണ്ട് നിർമിച്ചു. ഇതിന് പുറമെ ഫാബ്രിക് പെയിന്‍റിങ്ങിലും അക്ഷയ് മികവ് തെളിയിച്ചിട്ടുണ്ട്. ആശാരിപ്പണിക്കാരനായ വി.രതീശൻ-ഇ.പി.പ്രഭാവതി ദമ്പതികളുടെ മകനായ അക്ഷയ്‌യുടെ ഏറ്റവും വലിയ പ്രോത്സാഹനവും കുടുംബം തന്നെയാണ്. നർത്തകിയായ ആതിര സഹോദരിയാണ്.