കണ്ണൂർ: തളിപ്പറമ്പ് മോറാഴ ഒഴക്രോത്ത് മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാരുടെ സമരം. ജനവാസ കേന്ദ്രത്തിൽ ടവർ സ്ഥാപിക്കാൻ ആന്തൂർ നഗരസഭയിൽ ഉദ്യോഗസ്ഥ ഭരണം ഉണ്ടായിരുന്ന സമയത്താണ് അനുമതി നൽകിയതെന്ന് നാട്ടുകാർ പറയുന്നു. ഈ തീരുമാനം പിൻവലിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും ഇവർ വ്യക്തമാക്കി.
മോറാഴ ഒഴക്രോത്ത് കുഞ്ഞരയാലിന് സമീപത്താണ് നാട്ടുകാരുടെ പ്രതിഷേധ സമരം. അമ്പതോളം വീടുകൾ നിലനിൽക്കുന്ന പ്രദേശമാണിത്. ഇവിടെയാണ് ടവർ പണിയാൻ നീക്കം നടക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ സമയത്ത് ഒരു മാസത്തോളം കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥ ഭരണമായിരുന്നു. ഇക്കാലയളവിലാണ് ആന്തൂർ നഗരസഭാ അധികൃതർ ടവർ നിർമാണത്തിന് അനുമതി കൊടുത്തതെന്ന് നാട്ടുകാർ പറയുന്നു.
ഉദ്യോഗസ്ഥ തീരുമാനം പിൻവലിക്കാൻ നഗരസഭാ ഭരണ സമിതി തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ടവർ നിർമിക്കാൻ സ്ഥലം വിട്ടുനൽകാൻ തയ്യാറായ വ്യക്തി നാട്ടുകാർ ആവശ്യപ്പെട്ടത് പ്രകാരം മുൻ തീരുമാനത്തിൽ നിന്നും പിന്മാറാൻ തയ്യാറാണ്. എന്നാൽ, മൊബൈല്‍ കമ്പനി സ്ഥലം ഉടമയെ ഭീഷണിപ്പെടുത്തുകയാണെന്നും സമരക്കാർ ആരോപിക്കുന്നു.