കണ്ണൂർ: ആന്തൂർ നഗരസഭയിൽ ഇത്തവണയും ഇടതുപക്ഷത്തിന്‍റെ സമ്പൂർണ ആധിപത്യം. മുഴുവൻ സീറ്റുകളിലും എൽഡിഎഫ് വിജയിച്ചതോടെ പ്രതിപക്ഷമില്ലാത്ത നഗരസഭയെന്ന ഖ്യാതി ഇത്തവണയും ആന്തൂരിന് സ്വന്തം.
പ്രവാസി വ്യവസായിയുടെ മരണത്തിൽ ഉൾപ്പെടെ സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്തിയ പ്രതിപക്ഷത്തിനുള്ള കനത്ത തിരിച്ചടി കൂടിയാണ് ആന്തൂർ ജനത നൽകിയത്. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും 28 സീറ്റിലും എൽഡിഎഫ് വിജയം സ്വന്തമാക്കി വീണ്ടും പ്രതിപക്ഷമില്ലാത്ത നഗരസഭയായി മാറിയിരിക്കുകയാണ്. ആന്തൂർ നഗരസഭാ ചെയർമാൻ സ്ഥാനത്തേക്ക് എൽഡിഎഫ് പരിഗണിക്കുന്ന പി.മുകുന്ദൻ മുണ്ടപ്രം വാർഡിൽ നിന്നും വൻഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 28 ൽ ഒരു സീറ്റ് സിപിഐ ആണ് നേടിയത്. സി.എച്ച്. നഗർ വാർഡിൽ നിന്നാണ് സിപിഐ പ്രതിനിധി പി.കെ മുജീബ് റഹ്‌മാൻ വിജയിച്ചത്. യുഡിഎഫ് പ്രതീക്ഷ വച്ചു പുലർത്തിയിരുന്ന അയ്യങ്കോൽ വാർഡിൽ നിന്നും എൽഡിഎഫിലെ എം.ആമിന ടീച്ചറും ബി.ജെ.പി പ്രതീക്ഷ വച്ചിരുന്ന കടമ്പേരി വാർഡിൽ സിപിഎമ്മിന്‍റെ കെ.വി. ഗീതയുമാണ് വിജയിച്ചത്. തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ആറ് വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.