കണ്ണൂർ: ലോകത്തിലെ ഏതുഭാഷയും തനത് ശൈലിയിലും ഉച്ചാരണശുദ്ധിയിലും പഠിച്ചെടുക്കാനായി തളിപ്പറമ്പിൽ ലാംഗ്വേജ് ലാബ് ആരംഭിച്ചു. ജയിംസ് മാത്യു എംഎൽഎയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചാണ് തളിപ്പറമ്പ് നോർത്ത് ബിആർസി കെട്ടിടത്തിൽ ലാബിന് സൗകര്യം ഒരുക്കിയത്. മുൻസിപ്പൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായിയുടെ അധ്യക്ഷതയിൽ ജയിംസ് മാത്യു എംഎൽഎ ലാബ് ഉദ്‌ഘാടനം ചെയ്തു. ഇംഗ്ലീഷ് അടക്കമുള്ള ലോക ഭാഷകൾ പഠിക്കാനും അവയെക്കുറിച്ചുള്ള സംശയനിവാരണം നടത്താനുമായാണ് തളിപ്പറമ്പിൽ ഡിജിറ്റൽ ലാംഗ്വേജ് ലാബ് ആരംഭിച്ചത്.
വിദ്യാർഥികൾക്കും അധ്യാപകർക്കും പുറമേ പൊതുജനങ്ങൾക്ക് കൂടി ഉപകാരപ്പെടുന്ന രീതിയിലാണ് ലാബിന്‍റെ പ്രവർത്തനം. നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ കണ്ടും കേട്ടും ഏതൊരുഭാഷയും വരുതിയിലാക്കാൻ പരിശീലിപ്പിക്കലാണ് ഇതിന്‍റെ ലക്ഷ്യം. 27 ലക്ഷം രൂപയാണ് ലാബിന്‍റെ നിർമാണ ചെലവ്. വിദ്യാർഥികൾക്ക് പ്രത്യേക ഭാഷാ ക്ലാസുകൾ, ഭാഷാധ്യാപകർക്ക് വിദഗ്ധ പരിശീലനം, വിദേശത്തേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും പോകുന്ന തൊഴിലന്വേഷകർക്കും പരിശീലനം എന്നിവയും നൽകും. ഭാഷാപഠനം എല്ലാവരിലേക്കും എത്തിക്കുകയാണ് ഉദ്ദേശം. ചടങ്ങിൽ സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടർ എപി ഉണ്ണികൃഷ്ണൻ മുഖ്യാഥിതിയായി. കെപി ജയേഷ്, മുസ്തഫ പുളുക്കൂൽ, എ ജയപ്രകാശ്, പി സൂരജ് തുടങ്ങിയവർ സംസാരിച്ചു.