കണ്ണൂര്‍: പശു, ഇരട്ടക്കിടാക്കൾക്ക് ജന്മം നൽകുന്ന സംഭവങ്ങൾ അപൂർവമാണ്. എന്നാല്‍, ഒരു പഞ്ചായത്തിലെ നാലു പശുക്കള്‍ ഒരു വർഷത്തിനിടെ ഇത്തരത്തില്‍ പ്രസവിക്കുന്നത് വിരളമാണ്. തളിപ്പറമ്പ് പട്ടുവത്താണ് ഇത്തരത്തില്‍ അപൂർവങ്ങളില്‍ അപൂര്‍വമായ പ്രസവം നടന്നത്.
ALSO READ: കണ്ണൂരിലും ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു
പട്ടുവം പഞ്ചായത്ത് പരിധിയിലെ വിവിധ ക്ഷീര കർഷകരുടെ പശുക്കളാണ് ഇത്തരത്തില്‍ ഇരട്ടക്കുട്ടികളെ പ്രസവിച്ചത്. ഒരു വർഷത്തിനിടെ കാവുങ്കൽ, മുറിയാത്തോട്, പാലേരിപറമ്പ്, കുളക്കാട്ട് വയൽ എന്നി പ്രദേശങ്ങളിലെ ക്ഷീര കർഷകരുടെ പശുക്കളാണ് ഇരട്ട കുട്ടികളെ പ്രസവിച്ചത്.
അവസാനമായി ഇത്തരത്തില്‍ പ്രസവിച്ചത് മുറിയാത്തോട് പ്രദേശത്തെ മീത്തിലെ വീട്ടിൽ ദാമോദരന്‍റെ പശുവാണ്. ഒരാഴ്ചക്കിടെയാണ് ദാമോദരന്‍റെ പശു ഇരട്ടക്കിടാക്കൾക്ക് ജന്മം നൽകിയത്. മുറിയാത്തോട് വെറ്ററിനറി ഡിസ്പെൻസറിയിൽ നിന്നുമാണ് പശുക്കൾക്ക് ബീജം കുത്തിവെച്ചിരുന്നത്.
സാധാരണഗതിയിൽ ഒരു അണ്ഡമാണ് പശു ഉല്പാദിപ്പിക്കുക. ജനിതകപ്രത്യേകതകൾ കൊണ്ടും, ഹോർമോൺ വ്യതിയാനങ്ങളും, തീറ്റകളിലെ മാറ്റവുമാണ് ഈ പ്രതിഭാസം ഉണ്ടാകാന്‍ കാരണമെന്ന് പട്ടുവം മുറിയാത്തോട് വെറ്ററിനറി സിസ്പെൻസറിയിലെ ഡോക്ടറായ റോഷിൻ എം റെജി പറഞ്ഞു.
പശുക്കൾ ഇരട്ട പ്രസവിക്കന്നത് രണ്ടും ആൺകിടാവുകളോ, രണ്ടും പെൺകിടാവുകളോ ആയിരിക്കണം. ഒരാൺ കിടാവും ഒരു പെൺകിടാവുമാണെങ്കിൽ പെൺകിടാവ് പ്രായപൂർത്തിയായാൽ ഗർഭം ധരിക്കാൻ സാധ്യതയില്ലായെന്നും, പെൺകിടാവ് ആൺകിടാവിന്‍റെ മുഖഭാവങ്ങളോടു കൂടിയതായിരിക്കുമെന്നുമാണ് വെറ്ററിനറി ഗൈനക്കോളജി ഡോക്ടർമാരുടെ അഭിപ്രായം. ഇരട്ട പ്രസവത്തിലുണ്ടായ പശുക്കിടാരികള്‍ പൂർണ ആരോഗ്യവസ്ഥയിലാണ്.