കണ്ണൂർ : കുറ്റ്യാടി ചുരത്തിൽ അനധികൃത കെട്ടിട നിർമ്മാണമെന്ന് പരാതി. ചുരത്തിൽ അഞ്ചാം വളവിൽ നടത്തിയ കെട്ടിട നിർമ്മാണം പഞ്ചായത്ത് സെക്രട്ടറിയുടെ പരാതി പ്രകാരം തൊട്ടില്‍പ്പാലം പൊലീസെത്തി തടഞ്ഞു. കഴിഞ്ഞ വർഷം ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും പരിശോധിച്ചപ്പോൾ അനുമതിയുള്ളതിനേക്കാൾ കൂടുതലായി നിർമ്മാണം നടക്കുന്നതായി ശ്രദ്ധയിൽ പെടുകയും നിർമ്മാണം നിർത്തിവെക്കാൻ സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്ചിരുന്നു. ഇത് അവഗണിച്ചാണ് വീണ്ടും നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത്.
കഴിഞ്ഞ വർഷമാണ് കുറ്റ്യാടി ചുരത്തിൽ അഞ്ചാം വളവിൽ ചെങ്കുത്തായ സ്ഥലത്ത് കെട്ടിട നിർമ്മാണം ആരംഭിച്ചത്. അന്നത്തെ കാവിലുംപാറ പഞ്ചായത്ത് സെക്രട്ടറി രണ്ട് നില കെട്ടിടം പണിയുന്നതിന് അനുമതിയും നൽകി. നിർമ്മാണം നടന്നു കൊണ്ടിരിക്കെ കഴിഞ്ഞ വർഷം ആഗസ്റ്റ് മാസത്തിൽ ചുരത്തിൽ ഉരുൾപൊട്ടൽ ഉണ്ടായി. നിലവിൽ കെട്ടിടം പണിയുന്നതിന്റെ ഏകദേശം 50 മീറ്റർ അപ്പുറത്താണ് ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായത്. തുടർന്ന് നാട്ടുകാർ കെട്ടിടം പണിയുന്നതിലെ ആശങ്ക അറിയിച്ചു. എന്നാല്‍ പുതിയ പഞ്ചായത്ത് സെക്രട്ടറി സ്ഥലം പരിശോധിച്ച് നിർമ്മാണം നിർത്തിവെക്കാൻ സ്റ്റോപ്പ് മെമ്മോ നൽകുകയുമായിരുന്നു. തികച്ചും അപകടകരമായ നിലയിലാണ് കെട്ടിടം പണിയുന്നതെന്ന് സെക്രട്ടറി റെജുൽ ലാൽ പറഞ്ഞു.