കണ്ണൂര്‍ : തൃക്കാക്കരയിലെ ജനഹിതം കേരളത്തിന്‍റെ ജനഹിതമാണെന്നും അന്തസുണ്ടെങ്കിൽ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരൻ. ക്യാപ്‌റ്റന്‍ നിലംപരിശായി, തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ഫലം എൽ.ഡി.എഫിന്‍റെ തകർച്ചയാണ് കാണിക്കുന്നത്. ഈ തിരഞ്ഞെടുപ്പ് ഇടതുപക്ഷ സർക്കാറിന്‍റെ നിലനില്‍പ്പിനെതിരെയുള്ള ചോദ്യ ചിഹ്നമായിരുന്നു.
പാർട്ടി സെക്രട്ടറിയും, മന്ത്രിമാരും, തൃക്കാക്കര തെരഞ്ഞെടുപ്പ് ഭരണത്തിന്‍റെ വിലയിരുത്തലാണെന്നാണ് പറഞ്ഞത്. പക്ഷേ ദയനീയമായി തോറ്റു. ഇത് മുഖ്യന്ത്രിയുടെ പരാജയം കൂടിയാണ്. ദുർബലമായ മുന്നണിയുടെ നേതാവായി മുഖ്യമന്ത്രി മാറി - സുധാകരന്‍ പറഞ്ഞു.
Also Read തൃക്കാക്കര ഫലം വര്‍ഗീയതയ്ക്ക് വിത്തുവിതച്ച സര്‍ക്കാരിനേറ്റ ആഘാതം : തിരുവഞ്ചൂർ രാധാകൃഷ്‌ണൻ
തെരഞ്ഞെടുപ്പ് രംഗത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത ധൂർത്തും കള്ള വോട്ടും ഉണ്ടായി. പക്ഷേ ജനങ്ങൾ അത് തിരിച്ചറിഞ്ഞു. രാഷ്‌ട്രീയ മണ്ഡലത്തിൽ കോൺഗ്രസ് ഇനി ഇങ്ങനെയാണെന്നും വീടുകൾ കയറിയുള്ള കോൺഗ്രസിന്‍റെ പുതിയ പ്രവർത്തന ശൈലിയാണ് തൃക്കാക്കര കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
കെ റെയിൽ വേണ്ടെന്ന ജനങ്ങളുടെ ആവശ്യത്തിന്‍റെ ഫലമാണിത്, ഇടതുപക്ഷം തെറ്റ് തിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.