കണ്ണൂർ: കെപിസിസി ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കിയതിന്‍റെ പേരിൽ ആരും തെരുവിലിറങ്ങേണ്ടി വരില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ. പട്ടികയിൽ നിന്ന് ഒഴിവാക്കിയവരെ മറ്റ് ചുമതലകൾ നൽകി സക്രിയരാക്കുമെന്നും കെ.സുധാകരൻ.
ഭാരവാഹി പട്ടികയിൽ ആളുകളുടെ എണ്ണം കുറഞ്ഞതുകൊണ്ട് പട്ടികയിൽ ഉൾപ്പെടാത്തവർക്ക് അതൃപ്‌തിയുണ്ടാകും. അവർക്ക് പാർട്ടിക്കകത്ത് അർഹിക്കുന്ന ചുമതലകൾ നൽകുമെന്ന് സുധാകരൻ അറിയിച്ചു. കഴിവു നോക്കിയാണ് സ്ഥാനങ്ങൾ നൽകിയതെന്നും ഗ്രൂപ്പിന്‍റെ ആളായിപ്പോയി എന്ന കാരണത്താൽ ആരെയും തഴഞ്ഞിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി.
എല്ലാ വിഭാഗത്തിനും മതിയായ പ്രാതിനിധ്യം കൊടുത്തുകൊണ്ടാണ് പുതിയ ഭാരവാഹി പട്ടിക തയാറാക്കിയത്. സമർഥരായ നേതാക്കളാണ് എല്ലാവരും. സാമുദായിക സംവരണം പൂർണമായും പാലിച്ചു കൊണ്ടാണ് പട്ടിക തയാറാക്കിയത്. എല്ലാ വിഭാഗങ്ങൾക്കും പട്ടികയിൽ അവസരം നൽകിയെന്നും കെപിസിസി പ്രസിഡന്‍റ് വ്യക്തമാക്കി. നൽകിയ പട്ടികയിൽ ഹൈക്കമാൻഡ് ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും അദ്ദേഹം കണ്ണൂരിൽ അറിയിച്ചു.
28 നിർവാഹക സമിതി അംഗങ്ങളും 23 ജനറൽ സെക്രട്ടറിമാരും നാല് വൈസ് പ്രസിഡന്റുമാരും ട്രഷററും അടങ്ങുന്നതാണ് പുതിയ കെപിസിസി ഭാരവാഹിപ്പട്ടിക. എന്‍. ശക്തന്‍, വി.ടി. ബല്‍റാം, വി.ജെ. പൗലോസ്, വി.പി. സജീന്ദ്രന്‍ എന്നിവരാണ് വൈസ് പ്രസിഡന്‍റുമാർ. അഡ്വ. പ്രതാപ ചന്ദ്രനാണ് ട്രഷറർ.