കണ്ണൂർ : കെ റെയിൽ പദ്ധതിക്കെതിരെ ഇനി പ്രത്യക്ഷ സമരമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ എം.പി. പാരിസ്ഥിതിക പഠനം നടത്താതെ ജനങ്ങളെ പറ്റിച്ചുകൊണ്ട് കെ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകുന്ന മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ അഭിപ്രായം അറിയാതെ എന്തിനുവേണ്ടിയാണ് കെ റെയിൽ പദ്ധതി നടപ്പിലാക്കുന്നത്. എല്ലാ തുറയിൽ നിന്നും പ്രതികരണം ഉണ്ടായിട്ടും പാരിസ്ഥിതിക പഠനം നീട്ടിക്കൊണ്ട് പോവുകയാണ് ചെയ്‌തത്. പദ്ധതി നടപ്പിലാക്കിയാലുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളെ പറ്റി ആധികാരിക റിപ്പോർട്ടുകൾ ഉണ്ടായിട്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ഓരോ പദ്ധതികളും നടപ്പിലാക്കുന്ന സിപിഎമ്മിന്‍റെ നയം എന്താണെന്ന് മനസിലാവുന്നില്ലെന്നും കെ.സുധാകരൻ പറഞ്ഞു.
കെ റെയിൽ ഉണ്ടാക്കുന്ന ആപത്കരമായ സാഹചര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ ലഘുലേഖകളുമായി വീടുകൾ കയറി ഇറങ്ങി പ്രചാരണം നടത്തും. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മുന്നോട്ടുപോകാനാണ് പിണറായി ഉദ്ദേശിക്കുന്നതെങ്കിൽ അത് തീക്കൊള്ളികൊണ്ടുള്ള തലചൊറിയലാകും. പത്രസമ്മേളനവും പ്രസംഗവും നിർത്തി യുഡിഎഫ് സമര മുഖത്തേക്ക് നീങ്ങാൻ തയാറായിരിക്കുകയാണെന്നും കെ.സുധാകരൻ കൂട്ടിച്ചേര്‍ത്തു.