കണ്ണൂർ: അബ്ദുള്ളക്കുട്ടി എങ്ങോട്ട് പോയാലും സിപിഎമ്മിന് പ്രശ്നമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട എ പി അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ കെപിസിസി തീരുമാനത്തിന് പിന്നാലെയാണ് കോടിയേരിയുടെ പ്രതികരണം. ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണി ശക്തമായ പ്രകടനം കാഴ്ച വയ്ക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ തലശ്ശേരിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ നാടിന് ആപത്താണെന്ന് സിപിഎം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2014 നേക്കാൾ ശക്തമായ തിരിച്ചുവരവാണ് കേന്ദ്രത്തിൽ ആർഎസ്എസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഇത് ജനാധിപത്യത്തിനും മതനിരപേക്ഷിതയ്ക്കും കടുത്ത വെല്ലുവിളിയാണ് ഉയർന്ന് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോൾ തന്നെ രാജ്യത്തെ പലയിടങ്ങളിലായി മതന്യൂനപകഷ വിഭാഗങ്ങള്‍ക്ക് നേരെ അക്രമം ബിജെപി തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇത്തരം നീക്കം ബിജെപിക്കുള്ളിലെ മുന്നണിക്കകത്ത് തർക്കമുണ്ടാക്കാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ ഇടതുപക്ഷ പ്രസ്താനങ്ങൾക്കും ജനാധിപത്യ ശക്തികൾക്കുമുണ്ടായത് താത്കാലിക തിരിച്ചടിയാണെന്നും ഇതിനെ അതിജീവിച്ച് രാജ്യത്ത് വലിയ മാറ്റങ്ങളുണ്ടാകുമെന്നും കോടിയേരി. ജനങ്ങള്‍ക്ക് തിരിച്ചടിയെന്നോണം ഇന്നലെ പാചക വാതക വില വര്‍ധിപ്പിച്ചെന്നും കോടിയേരി കൂട്ടിച്ചേർത്തു.