ടി.പി വധക്കേസ് പ്രതി കൊടി സുനി അറസ്റ്റില്‍. കൈതേരി സ്വദേശിയായ റഫ്ഷാൻ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലാണ് കൂത്തുപറമ്പ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
2018ല്‍ പരോളിലിറങ്ങിയ സുനി റഫ്ഷാനെ തട്ടിക്കൊണ്ടുപോയി വയനാട്ടിലെ സ്വകാര്യ റിസോര്‍ട്ടില്‍ തടഞ്ഞ് വച്ച് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. റഫ്ഷാന്റെ സഹോദരൻ ഗൾഫിൽ നിന്ന് കടത്തിക്കൊണ്ടുവന്ന സ്വർണം ഉടമക്ക് കൈമാറാതെ മുങ്ങിയതിന്‍റെ പേരിലാണ് തട്ടിക്കൊണ്ടുപോയത്. കൊടി സുനി ഉൾപ്പെടെ 20 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. സുനിയെ കൂടാതെ മറ്റ് മൂന്നു പേരും അറസ്റ്റിലായിട്ടുണ്ട്. മറ്റു പ്രതികള്‍ ഒളിവിലാണ്.