കണ്ണൂര്‍: സഹ്യമലകൾക്ക് മുകളിലൊരു സുന്ദര ദേശം... പ്രകൃതി ഭംഗി കൊണ്ടു മാത്രമല്ല, സാംസ്‌കാരിക തനിമ കൊണ്ടും ആരെയും ആകർഷിക്കുന്ന കുടക്... മലനിരകൾ നിറയുന്ന കോടമഞ്ഞും ബുദ്ധ വിഹാരങ്ങളുമൊക്കെയായി കുടക് വിളിക്കുമ്പോൾ പോകാതിരിക്കുന്നതെങ്ങനെ... തലശേരിയില്‍ നിന്ന് യാത്ര തുടങ്ങി കർണാടക അതിർത്തിയായ വിരാജ് പേട്ടയിലേക്കും അവിടെ നിന്ന് മടിക്കേരിയിലേക്കും പിന്നെ കുടകിലേക്കും. കുടകിനെ കൂർഗ് എന്ന് വിളിച്ചത് ബ്രിട്ടീഷുകാരാണ്. കേരളത്തോട് അതിർത്തി പങ്കിടുന്ന കർണാടകയിലെ ഒരു ജില്ലയാണ് കുടക് അഥവ കൂർഗ്.
പശ്‌ചിമഘട്ട മലനിരയുടെ സൗന്ദര്യം തുളുമ്പുന്ന കിഴക്കിന്‍റെ സ്‌കോട്‌ലണ്ട് എന്നാണ് കൂർഗ് അറിയപ്പെടുന്നത്. പുല്‍മേടുകളും വരിവരിയായി നട്ടുപിടിപ്പിച്ച കാപ്പി തോട്ടങ്ങളും വിളഞ്ഞ് നില്‍ക്കുന്ന ഓറഞ്ച് മരങ്ങളും ഒരിക്കലും പച്ചപ്പുവിടാതെ കുടകിനെ കൂടുതല്‍ സുന്ദരിയാക്കുന്നുണ്ട്. മടിക്കേരിയുടെ കൊളോണിയല്‍ കാഴ്‌ചകളും തലക്കാവേരിയുടെ പ്രകൃതി സൗന്ദര്യവും ബുദ്ധ വിഹാരങ്ങളും കാണാൻ മറക്കരുത്.
ഇവിടുത്തെ വെള്ളച്ചാട്ടങ്ങളും കുടകിലെ ജീവിതവും കണ്ടറിയാം. പക്ഷിനിരീക്ഷണം ഇഷ്‌ടപ്പെടുന്നവർക്കും സ്വാഗതം. സാഹസികത ഇഷ്‌ടമാണെങ്കില്‍ കാപ്പിപ്പൂവിന്‍റെ മാദക മണമുള്ള കുടകിലേക്ക് ഉറപ്പായും യാത്ര തിരിക്കാം.
മറക്കരുത് മടിക്കേരി രാജാ സീറ്റ് ഗാര്‍ഡൻ: ഗാര്‍ഡന്‍റെ വ്യൂ പോയിന്റിലിരുന്നാല്‍ ഉത്തര കേരളത്തെ പുണര്‍ന്ന് നില്‍ക്കുന്ന പശ്ചിമഘട്ടവും കുടകിലെ നെല്‍പ്പാടങ്ങളും കൊച്ചരുവികളും ആസ്വദിക്കാം.
പ്രധാന സഞ്ചാര കേന്ദ്രങ്ങള്‍: അബ്ബി, ഇരുപ്പു, മല്ലള്ളി വെള്ളച്ചാട്ടങ്ങള്‍, മടിക്കേരി കോട്ട, മടിക്കേരി കൊട്ടാരം, രാജാവിന്റെ ശവകുടീരം, ചെലവാര വെള്ളച്ചാട്ടം, ഹാരംഗി അണക്കെട്ട്, കാവേരി നിസര്‍ഗധാമ, ദുബരെ ആനപരിശീലനകേന്ദ്രം, ഹൊന്നമനകരെ, നാഗര്‍ഹോളെ നാഷണല്‍ പാര്‍ക്ക്, ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്ക്.
പശ്ചിമഘട്ടത്തിന്‍റെ ഭാഗമായ ബ്രഹ്മഗിരി മലനിരകളാണ് ഇവിടത്തെ പ്രധാന ട്രക്കിങ് കേന്ദ്രം. പുഷ്പഗിരി, കോട്ടെബെട്ട, ഇക്ഷുത്താപ്പ, നിശാനി മൊട്ടേ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ട്രക്കിങ് സൗകര്യമുണ്ട്.
പ്രധാന ആരാധനാലയങ്ങള്‍: ഭാഗമണ്ഡല, ടിബറ്റന്‍ ആരാധനാലയമായ ഗോള്‍ഡന്‍ ടെംപിള്‍, ഓംകാരേശ്വര ക്ഷേത്രം, തലക്കാവേരി.
എപ്പോൾ, എങ്ങനെ പോകാം: മുദ്ദുരാജകേരി എന്ന കന്നഡ പേര് ഇംഗ്ലീഷുകാര്‍ മര്‍ക്കാറ എന്നും പിന്നീട് മടിക്കേരി എന്ന പേരില്‍ അറിയപ്പെടുകയായിരുന്നു. സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് കുടകിന്‍റെ സൗന്ദര്യം പൂർണതയിലെത്തുന്നത്. കണ്ണൂരും മംഗളൂരുവും മൈസൂരുവുമാണ് പ്രധാന വിമാനത്താവളങ്ങൾ. കണ്ണൂർ, തലശേരി, മൈസൂരു എന്നിവയാണ് പ്രധാന റെയില്‍വേ സ്റ്റേഷനുകൾ.
സമുദ്ര നിരപ്പില്‍ നിന്നും 1170 മീറ്റര്‍ ഉയരത്തിലാണ് മനോഹരമായ മടിക്കേരി രാജാസീറ്റ് ഗാര്‍ഡന്‍. 8 ഡിഗ്രി സെല്‍ഷ്യസിനും 27 നുമിടയിലാണ് മടിക്കേരിയിലെ താപനില. കണ്ണൂര്‍, തലശ്ശേരി നഗരങ്ങളില്‍ നിന്നും 112 കിലോമീറ്ററാണ് ദൂരം. കോഴിക്കോടു നിന്ന് 175 കിലോമീറ്ററും ബംഗളൂരുവില്‍ നിന്നും 254 കിലോമീറ്ററും സഞ്ചരിച്ചാല്‍ മടിക്കേരിയിലെത്താം.