കണ്ണൂർ: ജില്ലയിൽ മൊബൈൽ വാക്സിനേഷൻ യൂണിറ്റൊരുക്കി കണ്ണൂർ ജില്ലാ പഞ്ചായത്ത്. സംസ്ഥാനത്തിലാദ്യമായി കണ്ണൂർ ജില്ലാ പഞ്ചായത്താണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ പറഞ്ഞു.
18 വയസിനു മുകളിലുള്ളർ വാക്സിൻ സ്വീകരിക്കാൻ ആരംഭിച്ചാൽ 60 വയസിന് മുകളിലുള്ളവരുടെ കാര്യത്തിൽ ആശങ്കയുണ്ടാകും. ഇതിന് പ്രാധാന്യം നൽകിയാണ് ജില്ലാ പഞ്ചായത്ത് ഇത്തരം തീരുമാനമെടുത്തതെന്നും പ്രസിഡന്‍റ് കൂട്ടിച്ചേർത്തു. തുടക്കത്തിൽ 2 വാഹനങ്ങളാണ് മൊബൈൽ യൂണിറ്റിനായി സജ്ജമാക്കിയിരിക്കുന്നത്.
ജില്ലയിൽ 1447 കിടപ്പു രോഗികളാണുള്ളത്.ഇവർക്കും പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിൽപെട്ടവർക്കുമാണ് ജില്ല പഞ്ചായത്ത് ഈ പദ്ധതി ഒരുക്കുന്നത്.അടുത്ത മാസം ഒന്ന് മുതൽ മൊബൈൽ യൂണിറ്റ് വിവിധ ഭാഗങ്ങളിലേക്ക് പോകും.
വാക്സിനേഷൻ ചലഞ്ചിന്‍റെ ഭാഗമായി ജില്ലാ പഞ്ചായത്ത് തങ്ങൾക്ക് വാടകയിനത്തിൽ ലഭിക്കുന്ന ഫണ്ടിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകാൻ തീരുമാനിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 ലക്ഷം രൂപ നൽകിയ ജനാർദ്ദനനെ ജില്ല പ്രസിഡന്‍റ് അഭിനന്ദിച്ചു.
വാക്സിൻ വരുമെന്നും ജനങ്ങൾ പരിഭ്രാന്തരായി വാക്സിനേഷൻ കേന്ദ്രങ്ങളിൽ വരുന്നത് നിർത്തണമെന്നും കൊവിഡ് വാക്സിനേഷൻ ഇൻചാർജ് ബി സന്തോഷ് പറഞ്ഞു. ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് അക്ഷയ, കുടുംബശ്രീ കേന്ദ്രങ്ങൾ സഹായത്തിനായി ഉണ്ടാകുമെന്നും മുതിർന്നവർക്ക് മുൻഗണന നൽകിയാണ് വാക്സിനേഷൻ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഴക്കാലം വരുന്നതിന്‍റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മഴക്കാല പൂർവ ശുചീകരണം ജില്ലയിൽ ആരംഭിച്ചിട്ടുണ്ട്.