കണ്ണൂർ: പരിയാരത്ത് നിർമ്മിച്ച അമ്മയും കുഞ്ഞും ആശുപത്രി ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു. പരിയാരം ആയുർവേദ കോളജിൽ മൂന്ന് പുതിയ പിജി കോഴ്‌സ് അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി. പരിയാരം ഗവ. ആയൂർവ്വേദ കോളജിൽ നിര്‍മ്മിച്ച ക്വാര്‍ട്ടേഴ്‌സുകളും കമ്യൂണിറ്റി കിച്ചണും ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് മന്ത്രി ഇത് വ്യക്തമാക്കിയത്.
ആയുർവേദ ചികിത്സാ കൂടുതൽ മെച്ചപ്പെടുത്താൻ സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കി വരികയാണെന്ന് മന്ത്രി പറഞ്ഞു. ആധുനിക കാലത്തും പുതിയ രോഗങ്ങളെ പ്രതിരോധിക്കാൻ ആയുർവേദ ചികിത്സ ഏറെ ഫലപ്രദമാണ്. സാമ്പത്തിക പ്രയാസത്തിനിടയിലും ആയുർവേദ ആശുപത്രികളിൽ ഒട്ടേറെ പുതിയ തസ്‌തികൾ അനുവദിക്കാനും ഈ സർക്കാറിന് സാധിച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്‍റെ പദ്ധതി വിഹിതം ഉപയോഗിച്ച് നിര്‍മ്മിച്ച സൂപ്രണ്ട്, ആര്‍എംഒ, ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സുകളുടെയും നാഷണല്‍ ആയുഷ് മിഷന്‍റെ ധനസഹായത്തോടെ നിര്‍മ്മിച്ച കമ്യൂണിറ്റി കിച്ചന്‍റെയും ഉദ്ഘാടനമാണ് നടന്നത്. പരിയാരത്തെ കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളജില്‍ രണ്ട് കോടി രൂപ ചെലവഴിച്ചാണ് ഇവ നിർമ്മിച്ചത്.
ടി വി രാജേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം പി മുഖ്യാതിഥിയായി പങ്കെടുത്തു. ഡോക്‌ടർ ഹരികൃഷ്ണൻ തിരുമംഗലത്ത്, ടി ലത, ഇ പി ബാലകൃഷ്ണൻ, പ്രിൻസിപ്പാൾ ഡോ. ജയ്‌ജി , സൂപ്രണ്ട് ഡോ. കെ എൻ അജിത്ത്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.