കണ്ണൂർ / തിരുവനന്തപുരം : കണ്ണൂർ സർവകലാശാല (Kannur University) എം എ ഇംഗ്ലീഷ് സിലബസിൽ മുൻ മന്ത്രിയും സിപിഎം നേതാവുമായ കെ കെ ശൈലജയുടെ ആത്മകഥ (KK Shailaja Autobiography) ഉൾപെടുത്തിയത് വിവാദമാകുന്നു. 'മൈ ലൈഫ് ആസ് എ കോമ്രേഡ്' (My Life as a Comrade) എന്ന കെ കെ ശൈലജയുടെ ആത്മകഥയാണ് സിലബസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വിഷയത്തിൽ സിലബസിൽ രാഷ്‌ട്രീയവത്‌കരണമാണ് നടക്കുന്നതെന്ന് കെഎസ്‌യുവും കോൺഗ്രസ് അധ്യാപക സംഘടനായ കെപിസിടിഎയും ആരോപിച്ചു.
കണ്ണൂർ സർവകലാശാല എം എ ഇംഗ്ലീഷ് സിലബസിൽ ഒന്നാം സെമസ്റ്ററിന്‍റെ 'ലൈഫ് റൈറ്റിങ്' എന്ന പേപ്പറിലാണ് മുൻ മന്ത്രി കെ കെ ശൈലജയുടെ ആത്മകഥ ഉൾപ്പെടുത്തിയിരിക്കുന്നത്. കണ്ണൂർ സർവകലാശാല പി ജി ക്ലാസുകൾ ആരംഭിച്ചതിന് ശേഷമാണ് സിലബസ് പുറത്തുവന്നത്. ഗാന്ധിജി, ഡോ. ബി ആർ അംബേദ്‌കർ എന്നിവരുടെ ആത്മകഥയ്‌ക്ക് ഒപ്പമാണ് കെ കെ ശൈലജയുടെ ആത്മകഥയും ഉൾപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ഏപ്രിലിൽ ഡൽഹി കേരള ഹൗസിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് 'മൈ ലൈഫ് ആസ് എ കോമ്രേഡ്' എന്ന പുസ്‌തകം പ്രകാശനം ചെയ്‌തത്. കൊച്ചിൻ ബിനാലെയുടെ സിഇഒ ആയ മഞ്‌ജു സാറ രാജനാണ് കെ കെ ശൈലജയുടെ ആത്മകഥ രചിച്ചത്. ഒൻപത് വർഷത്തിന് ശേഷം പരിഷ്‌കരിച്ച സിലബസ് ഇന്നലെയാണ് പുറത്തിറങ്ങിയത്. ബോർഡ് ഓഫ് സ്റ്റഡീസ് ഇല്ലാതെ അഡ്‌ഹോക് കമ്മിറ്റിയാണ് സിലബസ് തയ്യാറാക്കിയത്.
ആത്മകഥ സിലബസിൽ നിന്നും റദ്ദാക്കണമെന്ന് സേവ് യൂണിവേഴ്‌സിറ്റി : സിലബസിൽ നിന്നും കെ കെ ശൈലജയുടെ ആത്മകഥ ഉൾപ്പെടുത്തിയത്തിനെതിരെ സേവ് യൂണിവേഴ്‌സിറ്റി കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി. ബോർഡ് ഓഫ് സ്റ്റഡീസ് അംഗീകരിക്കാത്ത പുസ്‌തകം സിലബസിൽ നിന്നും ഒഴിവാക്കാന്‍ വിസിക്ക് നിർദേശം നൽകണമെന്ന് അഭ്യർഥിച്ചാണ് ഗവർണർക്ക് നിവേദനം നൽകിയിട്ടുള്ളത്. കോടതി റദ്ദാക്കിയതിനെ തുടർന്ന് പഠന ബോർഡ് നിലവിലില്ലാത്ത യൂണിവേഴ്‌സിറ്റിയിൽ ഗവർണറുടെ അനുമതിയില്ലാതെ വിസി സ്വന്തം നിലയിൽ അനധികൃതമായാണ് അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചത്. ഇവരാണ് ശൈലജയുടെ പുസ്‌തകം സിലബസിൽ ഉൾപ്പെടുത്തിയതെന്നും സേവ് യൂണിവേഴ്‌സിറ്റി നിവേദനത്തിൽ പറഞ്ഞു.
ആത്മകഥ നിർബന്ധിത പഠന വിഷയമല്ലെന്ന് അഡ്‌ഹോക് കമ്മിറ്റി: ആത്മകഥ നിർബന്ധിത പഠന വിഷയമല്ലെന്നും അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ പ്രാദേശിക വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുന്നതിനായാണ് പുസ്‌തകം സിലബസിൽ ഉൾപ്പെടുത്തിയതെന്നുമാണ് വിഷയത്തിൽ അഡ്‌ഹോക് കമ്മിറ്റിയടെ വിശദീകരണം. എന്നാൽ അഡ്‌ഹോക് കമ്മിറ്റിയുടെ വിശദീകരണം വസ്‌തുത വിരുദ്ധമാണെന്നും മഹാത്മാഗാന്ധിയുടെയും ബി ആർ അംബേദ്‌കറുടെയും ആത്മകഥകളോടൊപ്പം കോർ റീഡിങ് വിഭാഗത്തിലാണ് കെ കെ ശൈലജയുടെ ആത്മകഥ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും സേവ് യൂണിവേഴ്‌സിറ്റി സമിതി പറഞ്ഞു. സിലബസിൽ നെൽസൺ മണ്ടേലയുടെ ആത്മകഥ സെൽഫ് റീഡിങ് വിഭാഗത്തിലാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. അത് നിർബന്ധ പഠനമല്ലെന്നും കമ്മിറ്റി ചൂണ്ടി കാണിച്ചു.
കൊവിഡ് കാലത്ത് കോടികൾ ചെലവ് ചെയ്‌ത് പിപിഇ കിറ്റ് വാങ്ങിയതിൽ ആരോപണ വിധേയയായി അന്വേഷണം നേരിടുന്ന മുൻ മന്ത്രിയുടെ ആത്മകഥ, മഹാത്മാഗാന്ധിയുടെ സത്യാന്വേഷണ പരീക്ഷണങ്ങൾക്കൊപ്പം പഠന വിഷയമാക്കുന്നത് രാഷ്‌ട്രപിതാവിനെ അധിക്ഷേപിക്കുന്നതിനു സമാനമാണെന്നും സമിതി കുറ്റപ്പെടുത്തി. അതേസമയം പുസ്‌തകം സിലബസിൽ ഉൾപ്പെടുത്തിയതിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും സിലബസിൽ ഉൾപ്പെടുത്തിയ നടപടിയോട് യോജിക്കുന്നില്ലെന്നും കെ കെ ശൈലജ മാധ്യമങ്ങളോട് പ്രതികരിച്ചു.