കണ്ണൂർ : ലഹരി വസ്‌തുക്കൾ ഉപയോഗിച്ച് വാഹനമോടിക്കുന്നവർക്ക് കേരള പൊലീസിൻ്റെ 'പവർ ബ്രേക്ക്'. പൊലീസിൻ്റെ പുതിയ സംരംഭമായ 'ആൽകോ സ്‌കാൻ വാൻ' കണ്ണൂർ ജില്ലയില്‍ വിജയകരമായി പരിശോധന തുടരുകയാണ്. കണ്ണൂർ റൂറൽ സ്റ്റേഷൻ പരിധിയിൽ, റൂറൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി രമേശൻ്റെ നിർദേശ പ്രകാരമായിരുന്നു പരിശോധന.
നിരത്തിൽ ഓടുന്ന സ്വകാര്യ ബസുകളില്‍ ഉൾപ്പടെയായിരുന്നു പരിശോധന. ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷം ബോധവത്‌കരണം കൂടി നടത്തിയ ശേഷമാണ് വിട്ടയക്കുന്നത്. പഴയങ്ങാടി, ശ്രീണ്‌ഠാപുരം, തളിപ്പറമ്പ്, പയ്യന്നൂർ എന്നീ പൊലീസ് സ്റ്റേഷനുകള്‍ക്ക് കീഴില്‍ ആണ് ഇതുവരെ പരിശോധന നടന്നത്. കേരളത്തിൽ ഉടനീളമുള്ള പദ്ധതിയുടെ ഭാഗമായി, ഓരോ ആഴ്‌ചയിലും ഓരോ ജില്ലയില്‍ പരിശോധന ശക്തമാക്കും.
എല്ലാ സജീകരണങ്ങളോടും കൂടിയ വാനാണ് പൊലീസ് സംഘം ഇതിനായി ഉപയോഗിക്കുന്നത്. പയ്യന്നൂരിൽ നടന്ന പരിശോധനയ്ക്ക് എസ്‌ഐ കെപി രമേശൻ, ഉദ്യോഗസ്ഥരായ ഗിരീഷ് കുമാർ, സോജി അഗസ്റ്റിൻ, ഷിനോജ്, ബൈജു എന്നിവർ നേതൃത്വം നൽകി.