കണ്ണൂർ : ഓൺലൈൻ വ്യാപാരങ്ങളുടെ കാലമാണിത്. ഉപ്പ് തൊട്ട് കർപ്പൂരം വരെ ഓണ്‍ലൈനില്‍ കിട്ടും. എന്നാൽ ഈ രംഗത്ത് വഞ്ചന കൊടികുത്തിവാഴുന്നുണ്ട്. പണം കൊടുത്ത് ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങൾക്ക് പകരം മറ്റ് വസ്തുക്കളെത്തുന്ന സംഭവങ്ങള്‍ ഏറി വരികയാണ്. അങ്ങനെയൊരു ദുരനുഭവമാണ് കേളകം സ്വദേശിനി ജോസ്‌മി നേരിട്ടത്.
ജൂലൈ 13ന് ജോസ്‌മി ഓണ്‍ലൈനിലൂടെ റെഡ്‌മി മൊബൈൽ ഫോൺ ബുക്ക് ചെയ്തു. 20ന് ഓർഡർ പ്രകാരം പാഴ്‌സല്‍ വീട്ടിലെത്തി. മുരിങ്ങോടിയിലുളള ഏജൻസിയാണ് കവറെത്തിച്ചത്. ക്യാഷ് ഓൺ ഡെലിവറി ആയതിനാൽ കൊറിയറുമായി വന്നയാൾക്ക് 7299 രൂപയും നൽകി. എന്നാൽ കവർ തുറന്നുനോക്കിയപ്പോഴാണ് വഞ്ചിക്കപ്പെട്ടെന്ന് തിരിച്ചറിയുന്നത്.
ഫോണിന് പകരം പെട്ടിയിലുണ്ടായിരുന്നത് മരക്കഷണം. കവർ പൊട്ടിച്ച നിലയിലായിരുന്നുവെന്ന് ജോസ്‌മി പറയുന്നു. 7299 രൂപയുടെ റെഡ്‌മി ഫോണിന് പകരം മൊബൈല്‍ ആകൃതിയിൽ വെട്ടിയെടുത്ത മരക്കഷണം. പറ്റിക്കപ്പെട്ടെന്ന് മനസിലായ ഉടനെ കൊറിയറുമായി വന്നയാളെ വിളിച്ചറിയിച്ചു. എന്നാൽ മൂന്ന് ദിവസത്തിനുളളിൽ തിരിച്ചെടുക്കാമെന്നായിരുന്നു മറുപടി.
പിന്നീട് കസ്റ്റമർ കെയറിലും പരാതി നല്‍കി. പണം തിരിച്ചുതരാമെന്നായിരുന്നു ആദ്യം ലഭിച്ച മറുപടി. എന്നാൽ ഫോൺ കൈപ്പറ്റിയതുകൊണ്ട് പണം തിരിച്ചുതരാനാകില്ലെന്ന് കമ്പനി തിങ്കളാഴ്ച അറിയിച്ചു. ഇതോടെയാണ് പരാതിയുമായി ജോസ്‌മി പൊലീസ് സ്റ്റേഷനിലെത്തിയത്. പല ഏജൻസികൾ വഴിയാണ് കൊറിയർ യുവതിയുടെ വീട്ടിലെത്തിയത്. ഇതിനിടയിലാരോ പെട്ടി തുറന്ന് മൊബൈൽ മാറ്റി മരക്കഷണം വച്ചെന്നാണ് കരുതുന്നത്.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. അടുത്തിടെ സമാന സംഭവം തെലങ്കാനയിലെ കുക്കട്‌പള്ളിയില്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റില്‍ നിന്ന് ലാപ്‌ടോപ് ഓര്‍ഡര്‍ ചെയ്‌തപ്പോള്‍ യുവാവിന് കിട്ടിയത് ഒരു കെട്ട് എ.ഫോര്‍ ഷീറ്റുകളായിരുന്നു.
കുക്കട്‌പള്ളി സ്വദേശിയായ യശ്വന്ത് ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റില്‍ ആപ്പിള്‍ മാക് ബുക്കിനായിരുന്നു ഓര്‍ഡര്‍ നല്‍കിയത്. ലാപ്‌ടോപ്പിനായി 1,05,000 രൂപ ഓൺലൈനായി അടയ്ക്കുകയും ചെയ്‌തു. ഇതുപ്രകാരം ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റില്‍ നിന്ന് ലഭിച്ച പാഴ്‌സല്‍ തുറന്നുനോക്കിയപ്പോഴാണ് തട്ടിപ്പ് മനസിലായത്.
മാക് ബുക്കിനുപകരം ലഭിച്ചത് എ.ഫോര്‍ വലിപ്പത്തിലുള്ള വെളുത്ത പേപ്പര്‍ ഷീറ്റുകളുടെ കെട്ട്. ഇതിന്‍റെ ദൃശ്യങ്ങള്‍ മൊബൈൽ ഫോണിൽ പകർത്തിയ യുവാവ് ഇതടക്കം ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റിന്‍റെ സി.ഇ.ഒയ്ക്ക് ജി മെയില്‍ വഴി പരാതി അയച്ചു. വെബ്‌സൈറ്റുമായി ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർക്കും വീഡിയോ സഹിതം പരാതി നല്‍കി.
എന്നാൽ, അവരിൽ നിന്ന് ഒരു പ്രതികരണവും ലഭിക്കാതിരുന്നതോടെ യുവാവ് സൈബറാബാദ് സൈബർ ക്രൈം പൊലീസിനെ സമീപിച്ച് പരാതി നൽകി. സംഭവത്തില്‍ കേസെടുത്ത സൈബറാബാദ് പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്.