കണ്ണൂര്‍: തലശ്ശേരി നഗരത്തിന് കോര്‍പ്പറേഷന്‍ പദവി അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാറിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതി അനുവദിക്കില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് അറിയിച്ചു. കോര്‍പ്പറേഷന്‍ ആവശ്യമുന്നയിച്ച് ഐഎംഎ, തലശ്ശേരി വികസന വേദി എന്നീ സംഘടനകള്‍ നവകേരള സദസ്സ് മുമ്പാകെ നല്‍കിയ നിവേദനത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി (Thalassery cannot be granted corporation status, says minister MB Rajesh).
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കണമെന്നും സംഘടനകള്‍ മന്ത്രിയോട് പറഞ്ഞു. മുഖ്യമന്ത്രിക്കും വിവിധ തലങ്ങളിലെ ജനപ്രതിനിധികള്‍ക്കും സംഘടനകള്‍ നിവേദനം നല്‍കിയിരുന്നു. ഈസ്‌റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണകാലം മുതല്‍ വടക്കേ മലബാറിന്‍റെ ആസ്ഥാനമെന്ന ബഹുമതി തലശ്ശേരിക്കായിരുന്നു.
ഐക്യകേരള പിറവിക്ക് ശേഷമാണ് തലശ്ശേരിയുടെ തലസ്ഥാന പദവി നഷ്‌ടമായത്. 1866 ല്‍ കോഴിക്കോടിനെ പോലെ തലശ്ശേരിയും മുനിസിപ്പാലിറ്റിയായിരുന്നു. എന്നാല്‍ 1903 ല്‍ നഗരസഭ മാത്രമായിരുന്ന കൊല്ലവും 1943 ല്‍ മുനിസിപ്പല്‍ പദവിയുള്ള തൃശ്ശൂരും കോര്‍പ്പറേഷനായിട്ട് വര്‍ഷങ്ങളായി.
പക്ഷെ തലശ്ശേരി ഇന്നും പഴയ അവസ്ഥയില്‍ തുടരുന്നു. 157 വര്‍ഷം കഴിഞ്ഞ് സംസ്ഥാന രൂപീകരണത്തിന് ശേഷം ഇന്നും അതേ നിലയില്‍ തുടരുന്ന സംസ്ഥാനത്തെ ഏക നഗരസഭയും തലശ്ശേരിയാണ്. സംസ്ഥാന രൂപീകരണത്തിന് ശേഷം ജില്ലാ ആസ്ഥാനം തലശ്ശേരി ആകുമെന്നായിരുന്നു തലശ്ശേരിക്കാര്‍ പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ മൈതാനങ്ങളുടെ അഭാവം എന്ന പേരില്‍ തലശ്ശേരിക്ക് ആ പദവി നഷ്‌ടമാവുകയായിരുന്നു. കണ്ണൂര്‍ ജില്ലാ ആസ്ഥാനം എന്ന ബഹുമതി കണ്ണൂരിന് ലഭിച്ചപ്പോള്‍ തലശ്ശേരിക്കും തുല്യ പ്രാധാന്യം നല്‍കുമെന്നായിരുന്നു വാഗ്‌ദാനം. തലശ്ശേരിയില്‍ നിലവിലുള്ള സര്‍ക്കാര്‍ ഓഫിസുകളെല്ലാം ഇവിടെ തന്നെ നിലനിര്‍ത്തുമെന്നായിരുന്നു അത്.
പിന്നീട് ഓരോ കാര്യാലയങ്ങളും തലശ്ശേരിയില്‍ നിന്ന് മാറ്റപ്പെടുകയായിരുന്നു. ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ ഉയര്‍ന്നെങ്കിലും അധികാരികള്‍ ഒന്നും കാര്യമാക്കിയില്ല. 1977 വരെ പാര്‍ലമെന്‍റ് മണ്ഡലത്തിന്‍റെ ആസ്ഥാന പദവി തലശ്ശേരിക്കുണ്ടായിരുന്നു.
തലശ്ശേരി പിന്നീട് കോഴിക്കോടിന്‍റെ ഭാഗമായ വടകരയില്‍പെട്ടു. അതോടെ തലശ്ശേരിയുടെ പ്രാധാന്യത്തില്‍ തന്നെ ഇടിവു തട്ടി. തലശ്ശേരിക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും നഷ്‌ടമാവുന്ന അവസ്ഥയുണ്ടായി. തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയും സായ് കേന്ദ്രവും ജനറല്‍ ആശുപത്രിയും ജില്ലാ കോടതിയും തലശ്ശേരിയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.
തലശ്ശേരിയുടെ പഴയ വാണിജ്യ പ്രതാപത്തിന്‍റെ ശേഷിപ്പായ കടല്‍പ്പാലവും കോട്ടയും ഒക്കെ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് തലശ്ശേരി. ലോകപ്രശസ്‌ത സസ്യശാസ്ത്രഞ്ജ ജാനകി അമ്മാള്‍, പ്രശസ്‌ത ജ്യോതി ശാസ്ത്രഞ്ജന്‍ വൈനുബാപ്പു, സര്‍ക്കസ് കുലപതി കീലേരി കുഞ്ഞിക്കണ്ണന്‍ എന്നിവരിലൂടെ ലോകമറഞ്ഞ സ്ഥലമാണ് തലശ്ശേരി.
തലശ്ശേരി മുനിസിപ്പാലിറ്റിയും സമീപ പഞ്ചായത്തുകളായ ധര്‍മ്മടം, എരഞ്ഞോളി, കതിരൂര്‍, പിണറായി, ന്യൂമാഹി, ചൊക്ലി, മുഴപ്പിലങ്ങാട്, പന്ന്യന്നൂര്‍ എന്നിവ ഉള്‍പ്പെടുത്തി കോര്‍പ്പറേഷന്‍ നിലയിലെത്തിക്കാമെന്നാണ് ആവശ്യക്കാര്‍ പറയുന്നത്. 3,50,000 ത്തിലേറെ ജനസംഖ്യ ഈ പ്രദേശത്ത് നിലവിലുണ്ട്.
മൂന്ന് സി കളുടെ നാടെന്ന വിശേഷണമാണ് തലശ്ശേരിക്കുളളത്. കേക്കും ക്രിക്കറ്റും സര്‍ക്കസ്സും. മാഹി-തലശ്ശേരി ബൈപ്പാസ് പൂര്‍ത്തിയാകുമ്പോള്‍ ഈ ഭാഗത്തും നഗരം വളരും. ഇംഗ്ലീഷ് ഭരണത്തിന്‍റെ സിരാകേന്ദ്രമായിരുന്ന തലശ്ശേരിക്ക് കോര്‍പ്പറേഷന്‍ പദവിക്കു വേണ്ടിയുള്ള സമരത്തിന് അണി ചേരാന്‍ തയ്യാറായിരിക്കുകയാണ് ആ മേഖലയിലുളളവര്‍.
കോര്‍പ്പറേഷന്‍ പദവി നല്‍കിയാല്‍ കേന്ദ്ര ആവിഷ്‌കൃതഫണ്ടും വിവിധ ഏജന്‍സികളില്‍ നിന്നുള്ള വികസനഫണ്ടും ഈ നഗരിക്ക് ലഭിക്കും.