കണ്ണൂർ: രാജ്യ തലസ്ഥാനത്തെ കർഷക സമരത്തിൽ അണിചേരാൻ കർഷക സംഘം പ്രവർത്തകർ ഡല്‍ഹിയിലേക്ക് മാർച്ച് ആരംഭിച്ചു. ഏഴു ബസുകളിലായാണ് സംഘം പുറപ്പെട്ടത്. കണ്ണൂർ ഹെഡ് പോസ്‌റ്റ് ഓഫീസിനു മുന്നിലെ സമരപ്പന്തലിൽ അഖിലേന്ത്യാ കിസാൻ സഭ വൈസ് പ്രസിഡൻ്റും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ എസ് രാമചന്ദ്രൻ പിള്ള യാത്ര ഫ്ലാഗ് ഓഫ് ചെയ്‌തു. കർഷക ബിൽ നടപ്പിലായാൽ രാജ്യത്ത് കർഷകരുടെ നാശത്തിന് അത് വഴിയൊരുക്കുമെന്ന് രാമചന്ദ്രൻ പിള്ള പറഞ്ഞു. കോർപറേറ്റുകൾക്ക് അനൂകൂലമാണ് ബിൽ, രാജ്യത്ത് ഭക്ഷ്യ ക്ഷാമം ഉണ്ടാക്കാൻ അത് കാരണമാകും. കർഷക സമരം മാത്രമല്ല കേന്ദ്രസർക്കാരിന്‍റെ ഹുങ്കിനെതിരെയുള്ള സമരമാണ് ഇപ്പോൾ നടക്കുന്നതെന്നും എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഘം പ്രവർത്തകർ കണ്ണൂരിലെത്തിയാണ് യാത്രയിൽ അണി ചേർന്നത്. കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ആദ്യ സംഘത്തിൽ വിവിധ ജില്ലകളിൽ നിന്നായി 500 വളണ്ടിയർമാരുണ്ട്. 14ന് സംഘം ഷാജഹാൻപുർ സമരകേന്ദ്രത്തിൽ എത്തും. കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്‍റ് വിഎം ഷൗക്കത്താണ് മാർച്ചിന് നേതൃത്വം നൽകുന്നത്. സംസ്ഥാന പ്രസിഡന്‍റ് കെകെ രാഗേഷ് എംപി, സെക്രട്ടറി കെഎൻ ബാലഗോപാൽ തുടങ്ങിയവർ ഷാജഹാൻപുരിൽ വെച്ച് സമര നേതൃത്വം ഏറ്റെടുക്കും.