കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതി അർജുൻ ആയങ്കിയെ കണ്ണൂരിൽ എത്തിച്ചുള്ള കസ്റ്റംസ് തെളിവെടുപ്പ് പുരോഗമിക്കുകയാണ്. അതിനിടെ കേസിൽ നിർണായക തെളിവുകൾ ലഭിക്കാനുതകുന്ന അർജുന്‍റെ ഫോൺ ഇയാൾ വളപട്ടണം പുഴയുടെ അഴീക്കൽ ഭാഗത്ത് ഉപേക്ഷിച്ചതായി കസ്റ്റംസിന് മൊഴി നൽകി. ഇവിടെയും അർജുനെ എത്തിച്ച് തെളിവെടുപ്പ് നടത്തി. എങ്കിലും താൻ ഫോൺ പുഴയിൽ ഉപേക്ഷിച്ചെന്ന അർജുന്‍റെ മൊഴിയിൽ വസ്‌തുതയില്ലെന്നാണ് കസ്റ്റംസ് നിലപാട്.
പുഴയിൽ ആഴമില്ലാത്ത സ്ഥലത്ത് ഫോൺ കളഞ്ഞെന്ന മൊഴി യുക്തിക്ക് നിരക്കാത്തതാണെന്നും കസ്റ്റംസ് വ്യക്തമാക്കി. നിലവിൽ സംഘം ഇപ്പോൾ അർജുന്‍റെ വീട്ടിൽ എത്തി തെളിവെടുപ്പ് നടത്തിവരികയാണ്.
Read more: കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിയെ കണ്ണൂരിലെത്തിച്ചു
ഇന്ന് (ശനി) രാവിലെയാണ് തെളിവെടുപ്പിനായി അർജുനെ കണ്ണൂരിലെത്തിച്ചത്. വീട്ടിലും കാർ ഒളിപ്പിച്ച ഇടങ്ങളിലുമാണ് പ്രധാനമായും തെളിവെടുപ്പ് നടത്തുന്നത്. ജൂൺ 27നാണ് സ്വർണക്കടത്ത് ഇടപാടുകള്‍ക്കായി ഉപയോഗിച്ച കാർ പരിയാരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വാഹനം അർജുന്‍ ഉപയോഗിച്ചത് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.