കണ്ണൂർ: ചരിത്ര പ്രസിദ്ധമായ പയ്യന്നൂർ ഉളിയത്ത് കടവിൽ എത്തുന്ന സന്ദർശകർക്ക് മൂക്കു പൊത്തേണ്ട അവസ്ഥയാണ് നിലവിലുള്ളത്. സമീപത്തെ നാരങ്ങാത്തോടിലൂടെ നഗരത്തിലെ മാലിന്യങ്ങൾ മുഴുവൻ അടിഞ്ഞുകൂടുന്നതാണ് കടവും,പരിസരവും വൃത്തിഹീനമാകാൻ പ്രധാന കാരണം. രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധർ പ്ലാസ്റ്റിക് വസ്‌തുക്കൾ അടക്കമുള്ള ചപ്പുചവറുകൾ പ്രദേശത്ത് തള്ളുന്നതായും പരാതിയുണ്ട്.
ഇന്ത്യൻ സ്വാതന്ത്ര സമരത്തിൽ ഉപ്പു കുറുക്കൽ സമരത്തിന് സാക്ഷ്യം വഹിച്ചു കൊണ്ട് ദേശീയ സ്വാതന്ത്ര്യ സമര രംഗത്തെ നിർണായക കേന്ദ്രമായി മാറിയ പ്രദേശമാണ് പയ്യന്നൂർ ഉളിയത്ത് കടവ്. രാസപദാർഥങ്ങളുടെ സാന്നിധ്യം കാരണം ഇതുവരെ തെളിനീർ ഒഴുകിയിരുന്നതും, ധാരാളമായി മത്സ്യങ്ങൾ കാണപ്പെടുന്നതുമായ തോടിന്‍റെ നിറം ഇരുണ്ടു പോയതായും നാട്ടുകാർ പറയുന്നു.
തോട്ടിലെ മാലിന്യങ്ങൾ കവ്വായി കായലിലേക്ക് ഒഴുകിയെത്തുന്നതിനാൽ കായൽ പരിസരവും മലിനമായി ഇരിക്കുകയാണ്. അധികൃതർ ഉചിതമായ നടപടികൾ സ്വീകരിച്ച് നിലവിലെ ദുരവസ്ഥയ്ക്ക് എത്രയും പെട്ടന്ന് പരിഹാരം കണ്ടെത്തണം എന്നാണ് നാട്ടുകാരുടെ അഭിപ്രായം.