കണ്ണൂർ: കണ്ണൂർ പിലാത്തറയിൽ അടച്ചിട്ട വീടിന്‍റെ വാതില്‍ തകര്‍ത്ത് മോഷണം. അലമാരകൾ തകർത്ത് പണവും പന്ത്രണ്ട് പവന്‍ സ്വര്‍ണവും വെള്ളിനാണയങ്ങളും കവര്‍ച്ച ചെയ്തു. പിലാത്തറ - പഴിച്ചിയിലെ ആനപ്പള്ളി വീട്ടില്‍ ഷാജി നമ്പ്യാരുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മുംബൈയില്‍ ബിസിനസുകാരനാണ് ഷാജി നമ്പ്യാർ. ഇദ്ദേഹത്തിന്‍റെ അമ്മയും സഹോദരിയുടെ മകനും മാര്‍ച്ചില്‍ മുംബൈയില്‍ പോയിരുന്നു. ലോക്ക് ഡൗൺ കാരണം അവര്‍ക്ക് തിരികെ മടങ്ങി വരാൻ കഴിഞ്ഞിരുന്നില്ല. രണ്ടുമാസത്തിലേറെയായി വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെ വീടിന്‍റെ വാതില്‍ തുറന്നുകിടക്കുന്നതായി കണ്ട അയല്‍ക്കാരനും ഓട്ടോഡ്രൈവറുമായ സുഭാഷ് സ്ഥലത്തെത്തിയോടെയാണ് മോഷണം നടന്നതായി അറിയുന്നത്. മുന്‍വശത്തെ വാതിൽ ഉള്‍പ്പെടെ അടച്ചിട്ട മുറികളുടെ വാതിലുകള്‍ പൂര്‍ണമായി തകര്‍ത്ത നിലയിലാണ്. നാല് ബെഡ്‌റൂമുകളിലെ അലമാരകളും മോഷ്ടാക്കൾ തകര്‍ത്തിട്ടുണ്ട്. പത്തരലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചത്.
വിവരമറിഞ്ഞ് നീലേശ്വരത്ത് താമസിക്കുന്ന ഷാജി നമ്പ്യാരുടെ സഹോദരി ശ്രീകുമാരി ഹരീന്ദ്രന്‍ സ്ഥലത്തെത്തി പരിയാരം പൊലീസില്‍ പരാതി നല്‍കി. പരിയാരം പ്രിന്‍സിപ്പല്‍ എസ്ഐ എം.പി.ഷാജി, അഡീഷണല്‍ എസ്ഐ സി.ജി.സാംസണിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണാമാരംഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും ഉള്‍പ്പെടെയുള്ള സംഘവും തെളിവെടുപ്പിന് സ്ഥലത്തെത്തി.