കണ്ണൂര്‍: യതീഷ് ചന്ദ്ര ഐപിഎസ് കണ്ണൂർ എസ്പിയായി ചുമതലയേറ്റു. രാഷ്ട്രീയ സംഘർങ്ങൾക്ക് പേരുകേട്ട കണ്ണൂരിൽ ആരുടെയും ഭാഗം ചേരാതെ പ്രവർത്തിക്കുമെന്നും അക്രമം അഴിച്ചുവിടുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും യതീഷ് ചന്ദ്ര പറഞ്ഞു. കണ്ണൂരിന്‍റെ ഭൂമി ശാസ്ത്രവും രാഷ്ട്രീയവും തനിക്ക് അറിയാം. വളപട്ടണത്ത് എഎസ്‌പിയായി പ്രവർത്തിച്ചതിന്റെ അനുഭവ പരിചയമുണ്ട്. ഏറ്റെടുത്ത ജോലി ആത്മാർത്ഥമായിട്ട് ചെയ്യുമെന്നും യതീഷ് ചന്ദ്ര പറഞ്ഞു.
അങ്കമാലിയിലെ എല്‍ഡിഎഫ് ഹര്‍ത്താലിലും പുതുവൈപ്പിന്‍ സമരത്തിലും ജനങ്ങളോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തിയായിരുന്നു യതീഷ് ചന്ദ്ര. പത്തനംതിട്ട നിലക്കലിൽ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്‌ണനെയും ബിജെപി നേതാക്കളെയും തടഞ്ഞ സംഭവത്തിലൂടെയും ഇദ്ദേഹം ശ്രദ്ധ നേടിയിരുന്നു.
ബെംഗളൂരുവില്‍ ഇലക്ട്രോണിക് എഞ്ചിനീയറായി ജോലി ചെയ്‌തുവരികയായിരുന്ന യതീഷ്, ആ ജോലി ഉപേക്ഷിച്ചാണ് ഐപിഎസുകാരനായത്. 2011ലെ കേരള കേഡര്‍ ഐപിഎസ് ബാച്ചുകാരനാണ് ഈ മുപ്പത്തിനാലുകാരൻ. കര്‍ണാടകയിലെ ദേവാംഗരി ജില്ലയാണ് സ്വദേശം.