കണ്ണൂർ: കരിവെള്ളൂർ ഓണക്കുന്ന് ടൗണിൽ ദേശീയപാത വികസനത്തിനായി പാതയോരങ്ങൾ മണ്ണിട്ടുയർത്തുന്നത് മൂലം ഓണക്കുന്ന് ടൗൺ രണ്ടായി വിഭജിക്കപ്പെടുമെന്ന് ആക്ഷേപം. ആയിരക്കണക്കിന് വിദ്യാർഥികൾ പഠനം നടത്തിവരുന്ന കരിവെള്ളൂർ ഹയർ സെക്കൻഡറി സ്‌കൂളിലേയ്ക്ക് വിദ്യാർഥികൾക്ക് എത്തിച്ചേരാൻ പോലും റോഡ് നിർമാണം ഏറെ ബുദ്ധിമുട്ട് സൃഷ്‌ടിക്കുവെന്നാണ് വ്യാപാരികളുടെയും സ്‌കൂൾ അധികൃതരുടെയും പരാതി. കരിവെള്ളൂർ പെരളം പഞ്ചായത്തിലെ ഭൂരിപക്ഷം ജനങ്ങളും ആശ്രയിക്കുന്ന ടൗൺ ആണ് ഓണക്കുന്ന്.
ഹയർസെക്കൻഡറി സ്‌കൂൾ, പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, ബാങ്കുകൾ, ഇലക്‌ട്രിസിറ്റി ഓഫിസ്, പോസ്റ്റ് ഓഫിസ്, കൃഷി ഓഫിസ്, അക്ഷയ കേന്ദ്രം, ആരാധനാലയങ്ങൾ, ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവ ഓണക്കുന്നിലെ ദേശീയ പാതയുടെ ഇരുവശങ്ങളിലായാണ് പ്രവർത്തിച്ചു വരുന്നത്. ഇരുപുറത്തേക്കും കടക്കാൻ അണ്ടർ പാസേജ് നിർമിച്ചുകൊണ്ട് പാതയുടെ ഇരുവശവും മണ്ണിട്ടുയർത്തിയാണ് നിലവിലെ നിർമാണപ്രവർത്തനം. എന്നാൽ ഭിത്തിക്ക് പകരം തൂണുകളുള്ള മേൽപ്പാലം നിർമിക്കണമെന്നാണ് വ്യാപാരി വ്യവസായി സമിതിയുടെയും ആവശ്യം.
വിഷയത്തിൽ വ്യാപാരി വ്യവസായി സമിതി ഓണക്കുന്ന് യൂണിറ്റിന്‍റെ പേരിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റിനും, കരിവെള്ളൂർ പഞ്ചായത്ത് സെക്രട്ടറിക്കും സമർപ്പിച്ച നിവേദനം തുടർനടപടി എന്നോണം ജില്ലാ കലക്‌ടർക്കും നാഷണൽ ഹൈവേ അതോറിറ്റിക്കും കൈമാറിയിട്ടുണ്ട്.