കണ്ണൂര്‍: ഭൂമി ഏറ്റെടുത്ത് കാൽ നൂറ്റാണ്ടായിട്ടും സഫലമാവാതെ പയ്യന്നൂർ പുതിയ ബസ് സ്റ്റാന്‍ഡ് നിർമാണം. ചതുപ്പ് സ്ഥലത്ത് സ്റ്റാന്‍ഡ് നിർമിക്കാൻ ഫണ്ട് കണ്ടെത്താൻ പയ്യന്നൂർ നഗരസഭയ്ക്ക് ഇതുവരെ സാധിക്കാത്തതാണ് നിര്‍മാണത്തിന് തടസമായത്. സ്വകാര്യ കമ്പനി നിര്‍മിച്ച് പ്രവര്‍ത്തിപ്പിച്ച ശേഷം സര്‍ക്കാരിന് കൈമാറുന്ന ബില്‍ഡ് ഓപ്പറേറ്റ് ആന്‍ഡ് ട്രാന്‍സ്‌ഫര്‍ ആയി നിര്‍മാണം നടപ്പിലാക്കാൻ പോലും സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.
1995ലാണ് പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡ് നിർമിക്കാൻ കൈപ്പാട്ട് പ്രദേശത്ത് സ്ഥലം കണ്ടെത്തിയത്. എന്നാല്‍, നിശ്ചിത പ്രദേശത്ത് ബസ് സ്റ്റാൻഡ് നിർമാണം പ്രായോഗികമല്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. കൈപ്പാട് പ്രദേശം നഗരത്തിലെ പ്രധാന കേന്ദ്രത്തിൽ നിന്നും ദൂരെയായി സ്ഥിതി ചെയ്യുന്നതുകൊണ്ട് പ്രതിപക്ഷം പദ്ധതിക്കെതിരെ എതിർപ്പുമായി രംഗത്തെത്തി. കോടിക്കണക്കിന് രൂപ ഇതിനോടകം തന്നെ ചെലവഴിച്ചിട്ടുണ്ടെങ്കിലും നിർമാണ പ്രവൃത്തി എങ്ങുമെത്താത്ത സ്ഥിതിയിലാണ്.
അഴിമതി കണ്ടെത്തി വിജിലന്‍സ്: അതേസമയം, ഇപ്പോൾ കൊണ്ടുനടക്കുന്ന പുതിയ ബസ് സ്റ്റാൻഡ് എന്ന ആശയം ഒരു കാലത്തും നടക്കാൻ പോകുന്നില്ലെന്ന് ഡിസിസി ജനറൽ സെക്രട്ടറി എപി നാരായണൻ വിമര്‍ശിച്ചു. സ്ഥലം ഏറ്റെടുക്കുന്ന കാലത്ത് തന്നെ വലിയ തോതിലുള്ള അഴിമതി ആരോപണങ്ങളാണ് നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നത്. തുടർന്ന്, വിജിലൻസ് നടത്തിയ പരിശോധനയിൽ അഴിമതി നടന്നുവെന്ന് കണ്ടെത്തുകയും അന്നത്തെ ചെയർപേഴ്‌സൺ എസ് ജ്യോതിയെ ഒൻപതാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്യുകയുമുണ്ടായി.
പുതിയ ബസ് സ്റ്റാൻഡിന് ബദലായി 'റ' അകൃതിയിൽ വളഞ്ഞൊരു റോഡ് മാത്രമാണ് നഗരസഭ അധികൃതർ നിർമിച്ചിട്ടുള്ളത്. പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയല്ലാതെ ഒന്നും നടപ്പിലാക്കാൻ നഗരസഭയ്ക്ക് സാധിച്ചിട്ടില്ല. പുതിയ സ്റ്റാൻഡിന് പുറമെ സ്റ്റേഡിയത്തിന്‍റെ നിർമാണവും ഇത് പോലെ പാതി വഴിയിൽ നിലച്ചിരിക്കുകയാണ്.