പയ്യന്നൂര്‍: അസൗകര്യങ്ങളാൽ വീർപ്പുമുട്ടുകയാണ് രാമന്തളി പാലക്കോട് ഹാർബർ. നിരവധി വള്ളങ്ങളും നൂറു കണക്കിന് മത്സ്യത്തൊഴിലാളികളും എത്തിച്ചേരുന്ന ഹാർബറിൽ കുടിവെള്ളം പോലുമില്ല. നാലു വള്ളങ്ങൾക്ക് ഒന്നിച്ച് കരയടുപ്പിക്കാനുള്ള സ്ഥലസൗകര്യം പോലും ഹാർബറിലില്ല. അതേസമയം ഹാർബറിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്ന ആക്ഷേപവുമുയരുന്നുണ്ട്.
കണ്ണൂർ ജില്ലയിലെ തന്നെ പ്രധാന മത്സ്യ ബന്ധന കേന്ദ്രങ്ങളിലൊന്നാണ് പാലക്കോട് കടപ്പുറവും അതുമായി ബന്ധപ്പെട്ടുള്ള രാമന്തളി പാലക്കോട് ഹാർബറും. എന്നാല്‍ ഹാർബറിലെ ആവശ്യങ്ങൾക്ക് പോലും ഇവിടെയൊരു കുടിവെളള വിതരണ പൈപ്പില്ല എന്നതും മത്സ്യത്തൊഴിലാളികൾക്ക് പ്രാഥമിക കർമങ്ങൾ നിർവഹിക്കാനുള്ള ശൗചാലയമില്ലാത്തതുമെല്ലാം തന്നെ ഏറെ ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്തധികൃതർ പല തവണ ഹാർബർ സന്ദർശിച്ചിരുന്നുവെങ്കിലും നടപടികളുണ്ടായില്ല.
ഹാർബറിന്‍റെ വികസനത്തിന് ഫണ്ടില്ലെന്നാണ് ജില്ലാ പഞ്ചായത്ത് ഉയര്‍ത്തുന്ന വാദം. എന്നാൽ വരുമാനം കണ്ടെത്താനായി മതിലും ഗെയ്റ്റും സ്ഥാപിച്ച് ടോൾ പിരിക്കാനുളള ശ്രമം പോലും അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ല എന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി.