കണ്ണൂര്‍: പരിയാരത്തെ സർക്കാർ മെഡിക്കല്‍ കോളജിന്‍റെ പഴയ കെട്ടിടങ്ങൾ നവീകരിക്കാൻ തീരുമാനം. മരുന്നുകള്‍ സൂക്ഷിക്കാൻ പുതിയ ഗോഡൗണും ഹോസ്റ്റൽ സൗകര്യങ്ങളുമാണ് ഒരുക്കുന്നത്. ഇവയുടെ നിർമാണ പ്രവൃത്തികള്‍ മുഴുവനായി നിർമിതി കേന്ദ്രയെയാണ് ഏൽപ്പിച്ചിരിക്കുന്നത്.
മരുന്നുകൾ സൂക്ഷിക്കുന്നതിന് ഗോഡൗൺ സൗകര്യം ഇല്ലാത്തതിനാൽ പല ബ്ലോക്കുകളിലും മരുന്നുകൾ കൂട്ടിയിടുന്ന സ്ഥിതി വരെ ഉണ്ടായിരുന്നു. മരുന്നുകള്‍ അലക്ഷ്യമായി ആശുപത്രി വരാന്തയില്‍ കൂട്ടിയിട്ടത് സംബന്ധിച്ച് എല്ലാ മെഡിക്കല്‍ കോളജുകളിലും ഗോഡൗണുകള്‍ ഉണ്ടാവണമെന്ന ഗവണ്‍മെന്‍റ് നിര്‍ദേശത്തെ തുടര്‍ന്നാണ് പരിയാരത്തും ഇതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നത്.
Also Read: പിതാവിന്‍റെ വിയോഗത്തോടെ വീണുപോയില്ല ; 13ാം വയസില്‍ 13 പശുക്കളെ പരിപാലിച്ച് മാത്യു ബെന്നി
പഴയ ടിബി സാനിട്ടോറിയം കെട്ടിടം നവീകരിച്ച് ഗോഡൗണ്‍ ആക്കുന്നതിനാണ് സര്‍ക്കാര്‍ സ്ഥാപനമായ നിര്‍മ്മിതിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, കൊവിഡ് സാഹചര്യത്തിൽ കുട്ടികൾക്കുള്ള ഹോസ്റ്റൽ സൗകര്യവും ഇതിലൂടെ ഒരുക്കാൻ സാധിക്കുമെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഡോ. അജിത്ത് പറഞ്ഞു.
ഒരു മാസത്തിനകം പണികൾ പൂര്‍ത്തിയാവുമെന്നാണ് കരുതുന്നത്. ഇതോടെ മെഡിക്കല്‍ കോളജിലേക്കെത്തുന്ന സാധന സാമഗ്രികളും, മരുന്നുകളും സൂക്ഷിക്കുന്നതിനും സ്ഥിരം സംവിധാനമാവുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ആശുപത്രി വികസന സൊസൈറ്റിയുടെ ഫണ്ട് ഉപയോഗിച്ചാണ് ഗോഡൗണ്‍ നിര്‍മിക്കുന്നത്. എല്ലാ ആധുനിക സൗകര്യങ്ങളും ഗോഡൗണില്‍ ഏര്‍പ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി.