കണ്ണൂർ: നഗരത്തിലെ സെന്‍റ് മൈക്കിൾസ് സ്‌കൂൾ ഗ്രൗണ്ട് ഏറ്റെടുക്കാനുള്ള പ്രതിരോധ മന്ത്രാലയത്തിന്‍റെ നീക്കത്തിനെതിരെ പ്രതിഷേധവുമായി നേതാക്കളും നാട്ടുകാരും രംഗത്ത്. സ്‌കൂളിലേക്കുള്ള വഴി തടയരുതെന്നും മൈതാനം പഴയപടി നിലനിർത്തണമെന്നുമാണ് ഇവരുടെ ആവശ്യം.
സെന്‍റ് മൈക്കിൾസ് സ്‌കൂൾ ഗ്രൗണ്ട് വേലി കെട്ടി തിരിക്കാൻ പ്രതിരോധ വകുപ്പ് തീരുമാനിച്ചതോടെയാണ് പ്രതിഷേധം ഉയർന്നത്. വിവിധ രാഷ്‌ട്രീയ പാർട്ടി നേതാക്കളുടെ സാന്നിധ്യത്തിൽ നാട്ടുകാരും സ്‌കൂൾ പിടിഎ ഭാരവാഹികളും സ്ഥലത്തെത്തി പ്രതിഷേധിച്ചു. പണി നിർത്തിവയ്‌ക്കണമെന്നും മൈതാനം പൊതുജനങ്ങൾക്കായി നിലനിർത്തണമെന്നുമാണ് ഇവരുടെ ആവശ്യം. പ്രതിഷേധം കനത്തതോടെ നിർമാണം താൽകാലികമായി നിർത്തിവച്ചു.
വി ശിവദാസൻ എംപി, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ, ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി, മേയർ ടിഒ മോഹനൻ തുടങ്ങിയവർ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് ഡിഎസ്‌സി കമാൻഡന്‍റ് കേണൽ ഗൗതമുമായി ചർച്ച നടത്തിയെങ്കിലും നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്‌ക്കാനാവില്ലെന്ന് അദ്ദേഹം നേതാക്കളെ അറിയിച്ചു. നേതാക്കളുടെ ഭാഗത്തു നിന്നുമുണ്ടായ പ്രതിഷേധം പ്രതിരോധ ആസ്ഥാനത്തെ അറിയിക്കുമെന്നും കേണൽ ഗൗതം വ്യക്തമാക്കി.