കണ്ണൂർ: തളിപ്പറമ്പ് കുറുമാത്തൂരിൽ കരയിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ നടപടി തുടങ്ങി. ആദ്യഘട്ടമെന്ന നിലയിൽ കുറുമാത്തൂർ ഗ്രാമ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ കോട്ടുപുറം അങ്കണവാടിക്ക് സമീപത്തെ പുഴയിലെ ചെളി നീക്കം ചെയ്യുന്ന പ്രവൃത്തിയാണ് ആരംഭിച്ചത്. പ്രളയകാലത്ത് കരയിടിച്ചിൽ ഭീഷണി ഏറ്റവും കൂടുതൽ നേരിടുന്ന പ്രദേശമാണ് ഇത്. മഴക്കാലത്ത് വെള്ളം കയറി സമീപത്തെ വീടുകളുടെ തറ ഉൾപ്പെടെ വിണ്ടുകീറുന്ന സ്ഥിതിയും ഉണ്ടായിട്ടുണ്ട്. കുറച്ചുദിവസങ്ങളിലായി പെയ്യുന്ന മഴയിൽ അരിക് ഭിത്തി ഇടിയുന്ന അവസ്ഥ അപകട ഭീഷണി ഉയർത്തുകയാണ്.
കരയിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ തെങ്ങിൻ കുറ്റി, പന എന്നിവ ഉപയോഗിച്ച് സംരക്ഷണ ഭിത്തി പണിയുന്നു. കൂടാതെ ചാക്കുകളിൽ മണൽ നിറച്ചും സംരക്ഷണ മതിൽ ഒരുക്കാനാണ് തീരുമാനം. ദുരന്ത നിവാരണ ഫണ്ട് ഉപയോഗിച്ചാണ് പ്രവൃത്തി നടത്തുന്നത്.